ഉറപ്പാക്കാം ശുചിത്വം; ഉയരാം സ്റ്റാർ റേറ്റിൽ



    മലപ്പുറം പൊതുയിടങ്ങളിൽ ടേക്ക്‌ എ ബ്രേക്ക്‌, ആസ്പിരേഷണൽ ടോയ്‌ലെറ്റ്‌  ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയും ശാസ്‌ത്രീയ മാലിന്യസംസ്‌കരണം നടത്തിയും നഗരങ്ങളെ സമ്പൂർണ ശുചിത്വ പദ്ധവിയിലേക്ക്‌ ഉയർത്താൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി.  മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘സ്വച്ഛ്‌ ഭാരത്‌ 2.0’ പദ്ധതി ഭാഗമായാണ്‌ സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്‌. പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കിയാൽ എല്ലാ നഗരങ്ങളും  മാലിന്യമുക്ത പദവിയിലെ സ്റ്റാർ റേറ്റിങ് കൈവരിക്കും. 2026 ഒക്‌ടോബറിൽ പദ്ധതി പൂർത്തിയാക്കുന്ന രീതിയിലാണ്‌ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്‌.  വീടുകളിൽനിന്നുള്ള ജൈവ/അജൈവ മാലിന്യങ്ങൾ തരംതിരിക്കൽ, 100 ശതമാനം വാതിൽപ്പടി സേവനം, മാലിന്യങ്ങളുടെ ശാസ്‌ത്രീയ സംസ്‌കരണം–-പരിപാലനം, കക്കൂസ്‌ മാലിന്യം, ഉപയോഗിച്ച ജലം എന്നിവയുടെ ശാസ്‌ത്രീയ സംസ്‌കരണം തുടങ്ങിയവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ്‌ പദ്ധതിയിൽ നിർദേശിച്ചിരിക്കുന്നത്‌. പ്രവർത്തന ചെലവ്‌ കണ്ടെത്തുന്നതിനായി നഗരസഭകൾക്ക്‌  നൽകുന്ന ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ സേവനത്തിന്‌ ആനുപാതിക വർധനവോടെ ‘യൂസർ ഫീ’ നിശ്ചയിക്കാം. കൂടാതെ ധാരാളമായി ആളുകൾ എത്തിച്ചേരുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ഐക്കോണിക് നഗരങ്ങൾ, മതപ്രാധാന്യമുള്ള നഗരങ്ങൾ എന്നിവിടങ്ങളിൽ  ആസ്പിരേഷണൽ ടോയ്‌ലെറ്റും നിർമിക്കാം. ഇതിനായി 2,50,000 രൂപവരെ ഉപയോഗിക്കാം.  പദ്ധതിക്കായി  കേന്ദ്ര–-സംസ്ഥാന സർക്കാരും അതത്‌ നഗരസഭകളും ഫണ്ട്‌ വകയിരുത്തും. 2011ലെ സെൻസസ് പ്രകാരമുള്ള  ജനസംഖ്യ കണക്കാക്കിയാണ്‌  ഫണ്ട്‌ വിഹിതം വകയിരുത്തുന്നത്‌ .1 –-10 ലക്ഷംവരെ ജനസംഖ്യയുള്ള നഗരസഭകൾക്ക്‌ കേന്ദ്ര വിഹിതം–- 33 ശതമാനം, സംസ്ഥാന വിഹിതം–- 22 ശതമാനം, നഗരസഭ –-45 ശതമാനവും ഒരുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരസഭകൾക്ക്‌ കേന്ദ്രം –-50 ശതമാനം,  സംസ്ഥാനം –-33 ശതമാനം, നഗരസഭ–17 ശതമാനം എന്നിങ്ങനെയാണ്‌ കണക്ക്‌. Read on deshabhimani.com

Related News