കരുതൽവേണം 
കൗമാരത്തിനും



  സ്വന്തം ലേഖകൻ മലപ്പുറം  മയക്കുമരുന്നുപയോഗത്തിനെതിരായ ബോധവൽക്കരണം ശക്തമായി തുടരുമ്പോഴും കൗമാരപ്രായക്കാർക്കിടയിൽ ഉപയോഗം വർധിക്കുന്നതായി കണക്കുകൾ. മുതിർന്നവരേക്കാൾ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചാണ്‌ ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനം. മയക്കുമരുന്നുകളിൽ കൂടുതലായി ഉപയോഗിച്ചുവരുന്നത്‌ എംഡിഎംഎയാണ്‌.  കഴിഞ്ഞവർഷം ജില്ലയിൽ 293 മയക്കുമരുന്ന് കേസുകളാണ്‌ എക്‌സൈസ്‌ എടുത്തത്‌. 866 കിലോഗ്രാം കഞ്ചാവാണ്‌ പിടികൂടിയത്‌. 270. 233 ഗ്രാം എംഡിഎംഎ പിടികൂടി. 1.24 കിലോഗ്രാം ഹാഷിഷ്‌ ഓയിൽ, 9.277 ഗ്രാം ചരസ്‌, 2158 ഗ്രാം എൽഎസ്‌ഡി എന്നിവയും പിടികൂടി. 97 കഞ്ചാവുചെടിയും കണ്ടെത്തി നശിപ്പിച്ചു.  മൂന്ന്‌ ഓട്ടോറിക്ഷ, 23 ബൈക്ക്‌, 15 കാർ, രണ്ട്‌ പിക്ക്‌അപ്‌ വാൻ എന്നിവയും പിടികൂടി. പിടിയിലാകുന്നവരേറെയും യുവാക്കളും കൗമാരക്കാരുമാണ്‌. മയക്കുമരുന്നിനടിമകളാകുന്നവർക്കുള്ള ലഹരിവിമുക്ത കേന്ദ്രങ്ങളിൽ എത്തുന്നവരിലും ഈ പ്രായക്കാർതന്നെയാണ്‌ കൂടുതൽ. ജില്ലയിൽ നിലമ്പൂരിലാണ്‌ എക്‌സൈസിന്റെ ലഹരി വിമുക്ത കേന്ദ്രമുള്ളത്‌.  കർണാടക, ഗോവ എന്നിവിടങ്ങളിൽനിന്നാണ്‌ ജില്ലയിലേക്ക്‌ കൂടുതലായും മയക്കുമരുന്ന്‌ എത്തുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതർ പറയുന്നു. വിദ്യാർഥികളെ കാരിയർമാരായി ഉപയോഗിച്ചുള്ള കടത്തും ഉണ്ട്‌. ബൈക്ക്‌ റൈഡിങ്‌ ഹരമായി എടുത്ത വിദ്യാർഥികളെയാണ്‌ പലപ്പോഴും അവരറിയാതെ കാരിയർമാരാക്കുന്നത്‌. നാട്ടിൽപോയി വരാൻ ഫുൾടാങ്ക്‌ പെട്രോൾ അടിച്ച്‌ ബൈക്ക്‌ വിട്ടുകൊടുക്കും. അതിർത്തി ചെക്ക്‌ പോസ്‌റ്റുകളിൽ പിടിക്കപ്പെടുമ്പോഴാണ്‌ വിദ്യാർഥികൾ സംഭവം അറിയുക. ബസുകളിൽ വരുന്ന വിദ്യാർഥികളെയും ലഹരിമരുന്ന്‌ കടത്താൻ ഉപയോഗിക്കുന്നുണ്ട്‌.  സ്‌കൂളുകളിൽ ലഹരിവിരുദ്ധ പ്രവർത്തനത്തിനായി ക്ലബ്ബുകളുണ്ട്‌. വിദ്യാർഥികളിലെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട്‌ സംശയംതോന്നുന്ന സ്‌കൂൾ അധികൃതർ  എക്‌സൈസിന്‌ റിപ്പോർട്ട്‌ നൽകുന്നുണ്ട്‌.  ലഹരിച്ചുഴിയിലകപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം ലഹരിയിലേക്ക്‌ കൂപ്പുകുത്താതിരിക്കാനുള്ള ജാഗ്രതയുമാണ്‌ എക്‌സൈസും വിദ്യാഭ്യാസവകുപ്പും നടത്തുന്നത്‌. Read on deshabhimani.com

Related News