കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ഓവർസിയറെ 
സസ്‌പെൻഡ്‌ ചെയ്‌തു



പൊന്നാനി  വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി പുറങ്ങ് സെക്‌ഷനിലെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഓവർസിയറെ സസ്‌പെൻഡ് ചെയ്തു. അപകടം നടന്ന ദിവസം  സൂപ്പർവൈസിങ്‌ ചുമതലയുണ്ടായിരുന്ന ഓവർസിയർ ഷാജിയെയാണ്  സസ്‌പെൻഡ് ചെയ്തത്. ബുധൻ വൈകിട്ട്  ആറോടെയാണ് ആൽത്തറ സ്വദേശി പ്രജീഷ് (39) വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റ് മരിച്ചത്. ജില്ലാ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിന്റെയും കെഎസ്ഇബി സേഫ്റ്റി ഓഫീസറുടെയും പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ, ഒപ്പം ജോലിചെയ്‌ത കരാർ തൊഴിലാളികൾ എന്നിവരിൽനിന്നും സേഫ്റ്റി ഓഫീസർ മൊഴിയെടുത്തിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ ലൈനിൽനിന്ന് ആറിന് ടൈമർ ഓണായതോടെ വൈദ്യുതി പ്രവഹിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. അടുത്തദിവസംതന്നെ ജീവനക്കാരെയും തൊഴിലാളികളെയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യും. അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും വൈദ്യുതി ലൈനിൽ ജോലിചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനത്തിൽ വീഴ്ചവന്നിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാവും. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News