ക്വാറന്റൈൻ കേന്ദ്രത്തിലെ മാലിന്യം ജനവാസകേന്ദ്രത്തിൽ



താനൂർ   നഗരസഭയിലെ വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങൾ,  മാസ്കുകൾ, പ്ലാസ്റ്റിക് മാലിന്യം എന്നിവ നഗരസഭാ ബസ് സ്റ്റാന്‍ഡിൽ  തള്ളി.   ഞായറാഴ്ച പുലർച്ചെ നാലോടെ രണ്ടുപേർ പ്രദേശത്ത് ചവർ കൊണ്ടിടുന്നത്‌ ശ്രദ്ധയിൽപെട്ട നാട്ടുകാർ നഗരസഭാ കൗൺസിലർ പി ടി ഇല്യാസിനെ അറിയിക്കുകയായിരുന്നു. രാവിലെ എട്ടോടെ നടത്തിയ പരിശോധനയിൽ ക്വാറന്റെെൻ കേന്ദ്രങ്ങളിൽനിന്നുള്ള മാലിന്യമാണ്‌ ഇതെന്ന്‌ കണ്ടെത്തി. ആരോഗ്യവകുപ്പ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. നഗരസഭാ വൈസ് ചെയർമാൻ സി മുഹമ്മദ്‌ അഷറഫിന്റെ അനുമതിയോടെയാണ് മാലിന്യം കൊണ്ടിട്ടതെന്ന് നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ നാട്ടുകാരോട് പറഞ്ഞു. ഇതോടെ പ്രതിഷേധം ശക്തമായി. വൈകിട്ടോടെ സ്ഥലത്തെത്തിയ വൈസ് ചെയർമാൻ മാലിന്യം മാറ്റാം എന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അയഞ്ഞത്. ക്വാറന്റെെൻ സെന്ററിൽനിന്നുള്ള മാലിന്യം നശിപ്പിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്‌. അതാണ്‌ ലംഘിച്ചത്‌.        നഗരസഭാ പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. സൂക്ഷ്മതയോടെയും സുരക്ഷിതമായും നശിപ്പിച്ചുകളയേണ്ട മാലിന്യമാണ്‌ നഗരസഭ ഇത്തരത്തിൽ നിരുത്തരവാദിത്വത്തോടെ കൈകാര്യംചെയ്‌തത്‌. Read on deshabhimani.com

Related News