യുഡിഎഫ് അവിശ്വാസ പ്രമേയം ഹൈക്കോടതി സ്‌റ്റേചെയ്തു



കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് സിപിഐ എമ്മിലെ എൻ സൈതാലിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഹൈക്കോടതി ഒരുമാസത്തേക്ക്‌ സ്‌റ്റേചെയ്‌തു.  കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ പഞ്ചായത്തിൽ പ്രസിഡന്റില്ലാത്ത സ്ഥിതിവിശേഷം പ്രതിസന്ധി രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് കോടതി സ്‌റ്റേ നൽകിയത്.   മെയ് 18നാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കേശവദാസ് മുമ്പാകെ യുഡിഎഫ്‌  അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.  യുഡിഎഫിലെ 11 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസിൽ ഒപ്പ് വച്ചത്.  നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാളികാവിലെ അൽസഫാ ഹോസ്പിറ്റലിൽ ഒരു ക്വാറന്റൈൻ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.  ഇതിന്റെ പ്രവർത്തനത്തെ ഉൾപ്പെടെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കോൺഗ്രസ് കാണിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് കാളികാവിലും കാണിക്കുന്നതെന്ന് സിപിഐ എം കാളികാവ് ലോക്കൽ സെക്രട്ടറി എൻ നൗഷാദ് പറഞ്ഞു.  19 അംഗ ഭരണസമിതിയിൽ കോൺഗ്രസിലെ മൂന്ന്‌ പേർ കൂറുമാറിയാണ് സിപിഐ എമ്മിന് ഭരണം ലഭിച്ചത്.  കൂറ് മാറിയവർ വീണ്ടും കോൺഗ്രസിലേക്ക് വന്നതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. ജൂൺ ഒന്നിനായിരുന്നു അവിശ്വാസ പ്രമേയം ചർച്ചയ്ക്കായി ബോർഡ് യോഗം വിളിച്ചിരുന്നത്. ഇതിനിടെയാണ് പ്രസിഡന്റിന് അനുകൂലമായി ഹൈക്കോടതി സ്‌റ്റേ  അനുവദിച്ചത്. നിലവിലെ ഭരണസമിതിയിൽ സിപിഐ എം എട്ട്‌, കോൺഗ്രസ് ആറ്‌, ലീഗ് അഞ്ച്‌ അംഗങ്ങളാണുള്ളത്. Read on deshabhimani.com

Related News