ജീവകാരുണ്യ മറവില്‍ തട്ടിപ്പ്‌: *പരാതിപ്രവാഹം



മഞ്ചേരി ജീവകാരുണ്യപ്രവർത്തനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് പരാതി പ്രവാഹം. തട്ടിപ്പ് വിവരം പുറത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് പൊലീസിനെ ബന്ധപ്പെട്ടത്. വ്യഴാഴ്‌ച മലപ്പുറത്തിനുപുറമെ  തിരുവനന്തപുരം, കോഴിക്കോട്, വയനാട്  ജില്ലകളിൽനിന്ന് പത്തുപേർ രേഖാമൂലം പരാതി നല്‍കി. ഫോണിലും പരാതികളെത്തി.  ചൊവ്വാഴ്ച രാത്രിയിലെ പരിശോധനയിലാണ്‌ ഡിവൈൻ ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽനിന്ന് പണവും രേഖകളും മഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയും സംഘവും പിടികൂടിയത്. രേഖാമൂലം പരാതി ലഭിച്ചതോടെ പ്രതികൾക്കതിരെ അമിത പലിശ ഈടാക്കുന്നതിനുള്ള കേരള നിരോധിത നിയമം–-2012 (പ്രൊട്ടക്ഷൻ ഓഫ് ചാർജിങ് എക്‌സോർബിറ്റന്റ് ഇ​ന്റ്രസ്റ്റ് ആക്ട്‌) ചുമത്തി.      പരിശോധനക്കിടെ രക്ഷപ്പെട്ട ട്രസ്റ്റ് ചെയർമാനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. റിമാന്‍ഡിലുള്ള ട്രസ്റ്റ് സെക്രട്ടറിയും  കേസിലെ ഒന്നാം പ്രതിയുമായ അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി മുഹമ്മദ് ഷഫീഖ് (31) തന്നെയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകനെന്നാണ് പൊലീസ് നിഗമനം. താഴേക്കോട് കരിങ്കല്ലത്താണി മാട്ടറക്കൽ കാരംകോടൻ മുഹമ്മദ് അബ്ദുൽ ജബ്ബാർ (39), പെരിന്തൽമണ്ണ ആലിപ്പറമ്പ് തോണിക്കടവിൽ ഹുസൈൻ (39), പാലക്കാട് അലനല്ലൂർ കർക്കടാംകുന്ന് ചുണ്ടയിൽ ഷൗക്കത്തലി (47) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത പണവും രേഖകളും കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ ഹര്‍ജി നൽകുമെന്ന് പൊലീസ് പറഞ്ഞു.  ‘എന്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി' ആവിഷ്‌ക്കരിച്ചാണ് സംഘം നാട്ടുകാരിൽനിന്ന് പണം തട്ടിയത്.  പത്രങ്ങളിലും  സമൂഹമാധ്യമങ്ങളിലും പരസ്യംചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച്  കൂപ്പണിലൂടെയും മുദ്രപേപ്പറിലൂടെയും  തുക ശേഖരിച്ചു. പൊലീസ് കണ്ടെടുത്ത 89.2 ലക്ഷം രൂപയ്ക്കുപുറമെ ബാങ്ക് അക്കൗണ്ടുകളിലും പണം സൂക്ഷിച്ചതായി കണ്ടെത്തി.   ഈ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചതായി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു. Read on deshabhimani.com

Related News