തിരിച്ചെത്തും, ജീവിതത്തിലേക്ക്

നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ ആദിവാസി യുവാവ് ബേബിയെ പുലിമുണ്ട ട്രൈബൽ കോളനിയിലെത്തി മെഡിക്കൽ സംഘം പരിശോധിക്കുന്നു


  എടക്കര നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ ആദിവാസി യുവാവിന് പ്രതീക്ഷയുടെ പുലരി. കരുളായി വനത്തിനുള്ളിൽ പുലിമുണ്ട ചോലനായ്ക്കർ ആദിവാസി കോളനിയിലെ താളിപ്പുഴ ചെടയന്റെ മകൻ ബേബി (36)യുടെ തുടര്‍ചികിത്സക്ക് തുടക്കം.  ശനി രാവിലെ മെഡിക്കൽ സംഘം കോളനിയിലെത്തി ബേബിയെ പരിശോധിച്ചു. പകൽപോലും കാട്ടാനക്കൂട്ടം വിഹരിക്കുന്ന വനത്തിലൂടെ 14 കിലോമീറ്റർ യാത്രചെയ്താണ് സംഘമെത്തിയത്. എടക്കര കൗക്കാട് ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമിള, സീനിയർ മെഡിക്കൽ ഓഫീസർ ജോമോൻ ജോസഫ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ബേബിയെ പരിശോധിച്ചു. പ്രാഥമിക മരുന്നുകൾ നൽകി. അടുത്ത ദിവസം  കൗക്കാട് ആയുർവേദ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ആരംഭിക്കും.  കാട്ടിനകത്ത് തേൻ സംഭരിച്ച് മടങ്ങവെ പാറയില്‍ വീണാണ് നട്ടെല്ലിന് പരിക്കേറ്റത്. 10 വര്‍ഷംമുമ്പായിരുന്നു അപകടം. അരക്കുകീഴെ തളര്‍ന്ന് കിടപ്പിലായി. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.  മെഡിക്കൽ സംഘത്തോടൊപ്പം കരുളായി ആയുർവേദ ട്രൈബൽ ഡിസ്പെൻസറി ജീവനക്കാരായ ശ്രീജിത് നെടുങ്കയം, ശ്യാമള, പൂക്കോട്ടുംപാടം എസ്ഐ നിതിൻ, പി വി അൻവർ എംഎൽഎയുടെ പ്രതിനിധി വി കെ ഷാനവാസ് എന്നിവരുമുണ്ടായി. Read on deshabhimani.com

Related News