ഒളകര ജിഎൽപിഎസിന്‌ *സംസ്ഥാന പുരസ്‌കാരം

ഒളകര ജിഎൽപി സ്കൂൾ


തിരൂരങ്ങാടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  സ്‌കൂൾ ഓണ്‍ലൈന്‍ പോര്‍ട്ടൽ  ‘സ്‌കൂള്‍ വിക്കി’യില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിന്‌ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടി ഒളകര ജിഎല്‍പിഎസ്‌. 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ 'സ്‌കൂള്‍ വിക്കി' സജ്ജമാക്കിയിട്ടുള്ള കൈറ്റ് ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഇന്‍ഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങി 20 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി  അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ഒരുലക്ഷംരൂപയാണ് രണ്ടാംസ്ഥാനം നേടിയ സ്കൂളിനെ തേടിയെത്തുന്നത്.  വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ ഒളകര ജിഎല്‍പിഎസിലെ പ്രധാനാധ്യാപകൻ കെ ശശികുമാർ, പിടിഎ പ്രസിഡന്റ് പി പി അബ്ദുസമദ്, സോമരാജ് പാലക്കൽ, സ്കൂൾ വിക്കി ചുമതലയുള്ള  അധ്യാപകൻ വി ജംഷീദ് എന്നിവരുടെ  നേതൃത്വത്തിൽ നടന്ന കൃത്യതയാർന്ന പ്രവർത്തനങ്ങളാണ് അവാർഡിനർഹമാക്കിയത്. വേങ്ങര ഉപജില്ലയിൽ തുടർച്ചയായി രണ്ടുവർഷവും കഴിഞ്ഞവർഷം ജില്ലയിലും മികച്ച പിടിഎ അവാർഡും സ്കൂൾ നേടിയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ  മികച്ച കലാലയമായി മാറുമ്പോഴും രണ്ടു ഏക്കറിനടുത്ത് വിശാലമായ സ്ഥല സൗകര്യങ്ങൾ ഉള്ള 100 വർഷം പഴക്കമുള്ള ഒളകര ജിഎൽപി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം നിലവിലുണ്ട്‌. ജില്ലാ തലത്തില്‍ സിബിഎച്ച്എസ് വള്ളിക്കുന്ന് സ്‌കൂൾ ഒന്നാംസമ്മാനവും ജിഎച്ച്എസ്എസ് ഇരുമ്പുഴി, എസ്ഒഎച്ച്എസ് അരീക്കോട് എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.  ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപവീതം ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാപത്രവും  ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.   Read on deshabhimani.com

Related News