പ്രിയപ്പെട്ട മുഖ്യമന്ത്രീ, പിറന്നാൾ സമ്മാനം ഞങ്ങൾക്കാണല്ലൊ!



സമൂഹമാധ്യമങ്ങളിൽ ചർച്ചയായി പാലപ്പെട്ടി എഎംഎൽപി സ്കൂളിലെ മുൻ പ്രധാനാധ്യാപികയുടെ കുറിപ്പ്‌        പൊന്നാനി "പ്രിയപ്പെട്ട മുഖ്യമന്ത്രി, പിറന്നാൾ സമ്മാനം അങ്ങേക്കാണ് തരേണ്ടത്. എന്നാൽ വളരെ വിലപിടിച്ച ഒന്ന്‌ ഞങ്ങൾക്ക് സമ്മാനിച്ചു. ഹൃദയംനിറഞ്ഞ നന്ദി'–- മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ പാലപ്പെട്ടി എഎംഎൽപി സ്കൂളിലെ മുൻ പ്രധാനാധ്യാപിക ഷീബയുടെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ വൈറൽ.    ദേശീയപാത വികസനത്തിന്റെ ഭാഗമായി പാലപ്പെട്ടി എഎംഎൽപി സ്കൂൾ പൊളിച്ചുനീക്കിയിരുന്നു. പകരം പുതിയ കെട്ടിടം നിർമിക്കാൻ മാനേജ്മെന്റ്‌ തയ്യാറാകാഞ്ഞതോടെ കുട്ടികളുടെ പഠനം പ്രയാസത്തിലായി. ഈ ഘട്ടത്തിൽ സർക്കാർ നടത്തിയ ഇടപെടലാണ് സ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപികയുടെ കുറിപ്പിനാധാരം. ആവശ്യത്തിന് സ്ഥലസൗകര്യവും ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വലിയ നഷ്ട പരിഹാരം കിട്ടിയിട്ടും പുതിയ കെട്ടിടം പണിയാൻ മാനേജ്മെന്റ്‌ വിസമ്മതിച്ചു. കെട്ടിടം പൊളിച്ചതിനുശേഷം ചുരുങ്ങിയ സൗകര്യമുള്ള മദ്രസയിലാണ് താൽക്കാലികമായി സ്കൂൾ പ്രവർത്തിച്ചിരുന്നത്‌. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിട്ടും കുട്ടികൾ മുടങ്ങാതെ സ്കൂളിൽ എത്തി. തുടർന്നാണ്‌ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്‌. വൈകാതെ പരാതി വിദ്യാഭ്യാസ വകുപ്പിന് കൈമാറി. നിലവിൽ സ്‌കൂൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്‌ സർക്കാർ.  "‘സ്കൂൾ ഇനിയും ഒരുപാടുകാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല, സ്കൂൾ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കിയ മുഖ്യമന്ത്രിക്ക് പിറന്നാളാശംസകൾ’'–- ടീച്ചർ കുറിപ്പിൽ പറഞ്ഞു.  സ്‌കൂൾ ഏറ്റെടുക്കാൻ തയ്യാർ: പഞ്ചായത്ത്  അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പാലപ്പെട്ടി എഎംഎൽപി സ്കൂൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പെരുമ്പടപ്പ് പഞ്ചായത്ത് അറിയിച്ചു. മന്ത്രി വി അബ്ദുറഹ്മാന്റെയും  പി നന്ദകുമാർ എംഎൽഎയുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിന് സ്കൂൾ സ്വന്തമായി ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ ഉത്തരവ് പ്രകാരംമാത്രമേ ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കാനാവൂവെന്നും പൊന്നാനി എഇഒ ടി എസ് ഷോജ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്നും എഇഒ പറഞ്ഞു. Read on deshabhimani.com

Related News