കേരള ബാങ്ക് വായ്പാ പദ്ധതി മലപ്പുറത്തും



  കൽപ്പറ്റ കേരള ചിക്കൻ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി കേരള ബാങ്കിന്റെ 51 കോടിയുടെ  വായ്പാ സഹായത്തോടെ വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി  ഫാം വിപുലീകരണ പദ്ധതി മലപ്പുറത്തും നടപ്പാക്കും. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2000 കോഴി ഫാമുകൾക്കാണ്‌ വായ്പ. 1000 കോഴികൾവീതമുള്ള 1000 ഫാമുകൾ തുടങ്ങുന്നതിന് ഈടില്ലാതെ ഏഴ് ശതമാനം പലിശനിരക്കിൽ രണ്ട്‌ ലക്ഷവും 2000 കോഴികൾവീതമുള്ള 700 ഫാമുകൾക്ക് ഈടോടുകൂടി ഏഴ് ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷംവരെയും 8.5 ശതമാനം പലിശനിരക്കിൽ രണ്ട് ലക്ഷംമുതൽ അഞ്ച് ലക്ഷംവരെയും വായ്പ നൽകും. 3000 കോഴികളുള്ള 300 ഫാമുകൾക്ക് ഈടോടുകൂടി 8.5 ശതമാനം പലിശനിരക്കിൽ അഞ്ചു ലക്ഷംവരെയുമാണ് വായ്പ. 1000, 2000 കോഴികളുള്ള ഫാം ഉടമക്ക് വായ്പയായി ലഭിക്കുന്ന തുകയിൽ രണ്ട് ലക്ഷംവരെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്ന് ശതമാനം പലിശനിരക്കിൽ വാർഷിക സബ്സിഡി ലഭിക്കും.  സ്വന്തമായി കോഴി ഫാമുകളുള്ള കർഷകർക്കാണ് മുൻഗണന. ഫാമില്ലാത്തവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഫാം നിർമിക്കുന്നതിനുള്ള  നടപടിക്രമം പഞ്ചായത്തുകൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേരള ബാങ്ക് വായ്പ ലഭ്യമാക്കും. അപേക്ഷ പരിശോധിച്ച് ബ്രഹ്മഗിരി വിദഗ്ധ സംഘം നൽകുന്ന ശുപാർശക്ക് അനുസരിച്ചായിരിക്കും  വായ്പ അനുവദിക്കുക. വിശദവിവരങ്ങൾക്ക്  ഫോൺ: 9656493111. Read on deshabhimani.com

Related News