മലപ്പുറം ന​ഗരസഭാ ഡ്രൈവർ മുകേഷിനെ തിരിച്ചെടുക്കാൻ ഉത്തരവ്



മലപ്പുറം മലപ്പുറം ന​ഗരസഭ സസ്‌പെൻഡ്‌ ചെയ്‌ത ഡ്രൈവർ പി ടി മുകേഷിനെ തിരിച്ചെടുക്കാൻ തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവ്. സർവീസിൽനിന്ന് മാറ്റിയ ന​ഗരസഭാ ചെയർമാൻ മുജീബ് കാടേരിയുടെ നടപടി റദ്ദാക്കി. ഭരണസമിതിയും ചെയർമാനും ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ്‌ നടപടി. മുകേഷിന്റെ പരാതിയിൽ തദ്ദേശഭരണ ജില്ലാ ജോയിന്റ് ഡയറക്ടറാണ്‌ അന്വേഷണം നടത്തിയത്‌.   ഫെബ്രുവരി മൂന്നിനാണ്‌ വേങ്ങര സ്വദേശിയായ പി ടി മുകേഷിനെ നഗരസഭാ ചെയർമാൻ മുജീബ്‌ കാടേരി  സസ്‌പെൻഡ്‌ ചെയ്‌തത്‌.  ഭരണസമിതി നിയമിച്ച താൽക്കാലിക ജീവനക്കാരും ഭരണസമിതിയിലെ ചിലരും ഔദ്യോ​ഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നുവെന്ന മുകേഷിന്റെ പരാതിയാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്‌. പരാതിയിൽ പ്രകോപിതരായ ലീഗ്‌ കൗൺസിലർമാരായ പി കെ സക്കീർ ഹുസൈൻ, ഷാഫി മൂഴിക്കൽ, സി കെ ഷഹീർ, സിദ്ദിഖ്‌ നൂറേങ്ങൽ, എ പി ഷിഹാബ്‌ എന്നിവർ ഫെബ്രുവരി ഒന്നിന്‌ മുകേഷിനെ വിളിച്ചുവരുത്തി മുറിയിലടച്ചിട്ട്‌ മർദിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിൽപോയി.  തുടർന്നാണ്‌ ചെയർമാൻ കള്ളക്കഥയുണ്ടാക്കി മുകേഷിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌. വനിതാ കൗൺസിലറുടെ ഭർത്താവിനെ ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിച്ചെന്നും ഇത് ചോദിക്കാനെത്തിയ സ്ഥിരം സമിതി അധ്യക്ഷനെയും കൗൺസിലർമാരെയും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നുമായിരുന്നു പരാതി.   മുകേഷ്‌ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഡ്രൈവർക്കെതിരെ പരാതികളൊന്നും ഉന്നയിക്കപ്പെട്ടതായി കണ്ടെത്താനായില്ല. അച്ചടക്ക നടപടിയുമുണ്ടായിട്ടില്ല. നഗരസഭാ സെക്രട്ടറി കെ പി ഹസീന, സൂപ്രണ്ട് ഷീബ എന്നിവർ ഡ്രൈവർക്ക് അനുകൂലമായാണ്‌ തദ്ദേശ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നത്. ഉത്തരവ് പ്രകാരം മുകേഷ്‌ അടുത്തദിവസം ജോലിയിൽ പ്രവേശിച്ചേക്കും.   Read on deshabhimani.com

Related News