പാടം നിറയെ ‘കൃഷിക്കൂട്ടം’

"കൃഷിക്കൂട്ടം' അംഗങ്ങള്‍ വിളവെടുത്ത പച്ചക്കറികളുമായി


പൊന്നാനി എടപ്പാൾ ഗോവിന്ദ തിയറ്ററിനുസമീപത്തെ പാടം എപ്പോഴും പച്ചപ്പട്ടണിഞ്ഞ്‌ നിൽക്കും. മൂന്ന് അധ്യാപികമാരും മൂന്ന് വീട്ടമ്മമാരും ഉൾപ്പെട്ട "കൃഷിക്കൂട്ട'ത്തിന്റെ സമർപ്പണത്തിന്റെ വിളനിലമാണത്‌. വിരിപ്പും മുണ്ടകനുമായി വർഷത്തിൽ രണ്ട് തവണയാണ്‌ കൃഷി. കൊയ്ത്തുകഴിഞ്ഞാലും വയൽ വെറുതെയിടില്ല–-പയർ വിതയ്ക്കും. കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക അംബിക, കാടഞ്ചേരി ഗവ. യുപി സ്കൂൾ അധ്യാപിക രമ്യ, ഭാരതീയ വിദ്യാഭവനിലെ അധ്യാപിക ഗീത, ദേവകി, സുലോചന, ദേവയാനി എന്നിവർ ഉൾപ്പെടുന്നതാണ്‌ കൃഷിക്കൂട്ടം. സ്ത്രീകൾക്ക് സ്വന്തമായൊരിടം എന്ന ആശയത്തിന്റെ ഭാഗമായി എട്ടുവർഷംമുമ്പാണ്‌ തുടക്കം.  കൂട്ടായ്‌മയിലെ ദേവകി അന്തർജനത്തിന്റെയും ഗീതയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൃഷി. ഉൽപ്പാദിപ്പിച്ചെടുക്കുന്ന നെല്ല് ആറുപേരും വീതിച്ചെടുക്കും. ആവശ്യത്തിനെടുത്ത് ബാക്കിയുള്ളത്  പൊന്നാനിയിലെ ജൈവവിപണന കേന്ദ്രമായ നല്ലഭക്ഷണ പ്രസ്ഥാനത്തിന് കൈമാറും.     മൂന്നേക്കറിലാണ് നെൽകൃഷി. ഒരേക്കറിൽ പച്ചക്കറിയും. പൂർണമായും ജൈവരീതി. നവര, ചിറ്റയ്നി, പൊൻമണി  വിത്തുകളാണ് ഇത്തവണ വിളയിച്ചത്. മുണ്ടകൻ കൊയ്ത്തിലൂടെ 1800 കിലോ നെല്ല്‌ കിട്ടി. തുടക്കത്തിൽ ഞാറ് നടലും കൊയ്ത്തുമെല്ലാം സ്വന്തമായി ചെയ്തിരുന്നു. കൃഷി മൂന്നര ഏക്കറിൽ വ്യാപിച്ചതോടെ കൂലിക്ക്‌ ആളെ നിർത്തേണ്ടിവന്നു. എങ്കിലും മികച്ച രീതിയിൽ മുന്നോട്ട് പോവുന്നുണ്ടെന്ന്‌ കായലുമ്പള്ളത്ത് അമ്പിളി  പറഞ്ഞു.  മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ കർഷർക്ക്‌ പുതിയ സാധ്യതയും തുറക്കുന്നു. അവിൽ, അരിപ്പൊടി, ശർക്കര ഉപ്പേരി, ചിപ്പ്സ് തുടങ്ങിയവയും  നല്ല ഭക്ഷണ പ്രസ്ഥാനത്തിന് നൽകും. ഓണം, വിഷു, പെരുന്നാൾ തുടങ്ങിയ ആഘോഷ നാളുകളിലാണ് ഇവ കൂടുതലായി നിർമിച്ച് വിൽക്കുന്നത്. Read on deshabhimani.com

Related News