കുടുംബശ്രീയിലെ തട്ടിപ്പ്‌: 
ഉദ്യോഗസ്ഥർ 
2.86 കോടി തിരിച്ചടയ്ക്കണം



      മലപ്പുറം കുടുംബശ്രീ മിഷൻ അനുവദിച്ച തുകയിൽനിന്ന്‌ 43,03,116 രൂപ പിൻവലിച്ച്‌ ദുരുപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്‌ മലപ്പുറം ജില്ലാ മിഷനിലെ ആറു മുൻ ഉദ്യോഗസ്ഥരിൽനിന്ന്‌ പലിശസഹിതം 2,85,69,550 രൂപ തിരിച്ചടപ്പിക്കാനും പൊലീസിൽ പരാതി നൽകാനും നിർദേശം. കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജാഫർ മാലിക്കാണ്‌ ജില്ലാ മിഷന്‌ നിർദേശം നൽകിയത്‌.  2005–- 2010 കാലത്താണ്‌ നടപടിക്കാധാരമായ തട്ടിപ്പ് നടന്നത്‌. അന്നത്തെ ജില്ലാ മിഷൻ കോ–- ഓർഡിനേറ്ററായിരുന്ന കെ മുഹമ്മദ്‌ ഇസ്‌മയിൽ, ഓഫീസ്‌ സെക്രട്ടേറിയൽ സ്‌റ്റാഫ്‌ പി സലിം, അസി. ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർമാരായിരുന്ന ഹഫീസ്‌ ഷാഹി, ഇ ഒ അബ്ദുൾ നാസർ, പി സജയ്‌, അബ്ദുൾ ബഷീർ എന്നിവരിൽനിന്നാണ്‌ തുക തിരികെ പിടിക്കേണ്ടത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരാണിവർ.  ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരിക്കെ വിരമിച്ച കെ മുഹമ്മദ്‌ ഇസ്‌മയിൽ മുസ്ലിംലീഗ്‌ സ്ഥാനാർഥിയായി മത്സരിച്ച്‌ നിലവിൽ പൂക്കോട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റാണ്‌. സഹകരണ വകുപ്പിൽ കോ–- ഓപറേറ്റീവ്‌ എംപ്ലോയീസ്‌ വെൽഫെയർ ബോർഡിൽ അഡീഷണൽ ക്ലർക്കാണ്‌ പി സലിം. കാർകോട്‌ ചെങ്കള പിഎച്ച്‌സിയിൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറാണ്‌ ഹഫീസ്‌ ഷാഹി. ഇ ഒ അബ്ദുൾ നാസർ കാഞ്ഞിരപ്പള്ളിയിൽ ജോ. ബിഡിഒയും പി സജയ്‌ പറവണ്ണ ജിഎം യുപി സ്‌കൂളിൽ കായികാധ്യാപകനുമാണ്‌. കരാർ ജീവനക്കാരനായി എഡിഎംസിയായ അബ്ദുൾ ബഷീർ നിലവിൽ അട്ടപ്പാടിയിൽ കുടുംബശ്രീ പ്രൊജക്ടിലാണ്‌.  ജില്ലാ സഹകരണ ബാങ്കിലെ കുടുംബശ്രീ അക്കൗണ്ടിൽനിന്ന്‌ ഗുണഭോക്താക്കളുടെ പേരിൽ ഡിഡി എടുത്ത്‌ തുക പിൻവലിക്കുകയായിരുന്നു. പുതിയ ഉദ്യോഗസ്ഥർ വന്നപ്പോഴാണ്‌ തട്ടിപ്പ്‌ ശ്രദ്ധയിൽപെട്ടത്‌.  ഇതേത്തുടർന്ന്‌ ജില്ലാ മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കുടുംബശ്രീ മിഷൻ 2017 സെപ്‌തംബറിൽ അന്വേഷണം ആരംഭിച്ചു. അതിലാണ്‌ ഇപ്പോൾ നടപടി. 2012 മുതൽ 2022 വരെയുള്ള കാലത്തെ 18 ശതമാനം പലിശസഹിതം 2.86 കോടി രൂപയാണ്‌ ഈടാക്കേണ്ടത്‌. ഇത്‌ തുല്യ ഗഡുക്കളായി തിരിച്ചുപിടിക്കണം. ഈ വിവരങ്ങൾ പൊലീസിൽ അറിയിച്ച്‌ എഫ്‌ഐആർ രജിസ്‌റ്റർചെയ്യാൻ നടപടിയെടുക്കണമെന്നുമാണ്‌ കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുടെ നിർദേശം.   Read on deshabhimani.com

Related News