മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 പിജി സീറ്റുകൾക്ക്‌ അനുമതി



 മഞ്ചേരി മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് പിജി സീറ്റുകൾക്ക്‌  നാഷണൽ മെഡിക്കൽ കമീഷൻ അനുമതി. ഇഎൻടി വിഭാഗം പിജി കോഴ്സിനാണ് പ്രവേശനാനുമതി ലഭിച്ചത്.  രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയാകുന്നതോടെ ഈ അധ്യയനവർഷം പ്രവേശനം നൽകാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇഎൻടി വിഭാഗത്തിൽ നൂതന ചികിത്സയ്‌ക്കുള്ള സംവിധാനങ്ങളുണ്ട്. ക്ലാസുകൾ തുടങ്ങാൻ വകുപ്പ് മേധാവി, രണ്ട് പ്രൊഫസർമാർ, അഞ്ച് അസോ. പ്രൊഫസർമാർ, നാല് അസി. പ്രൊഫസർമാർ തസ്തികകളും ഒരുക്കി. ഹോസ്റ്റൽ സൗകര്യവും സജ്ജമാണ്.  കണ്ണ്, ത്വക്ക്, ശിശുരോഗ വിഭാഗങ്ങളിലും പിജി കോഴ്സ് ആവശ്യപ്പെട്ട് കോളേജ് അധികൃതർ കമീഷന്‌ കത്ത് നൽകിയിരിന്നു. ഇവ അനുവദിക്കാനുള്ള പരിശോധന അവസാന ഘട്ടത്തിലാണ്. അടുത്ത അധ്യയന വർഷം ഇവയ്ക്കും അനുമതി ലഭിച്ചേക്കും. നേരത്തെ, പിജി കോഴ്സുകൾ തുടങ്ങാൻ കമീഷൻ നിർദേശിച്ച സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു.  അംഗീകാരത്തിന്‌ ആവശ്യമായ തുകയും കെട്ടിവച്ചു. കൂടുതൽ വിഭാഗങ്ങളിലും  സീറ്റുകൾ ലഭ്യമായതോടെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ മഞ്ചേരിയിൽതന്നെ ഉറപ്പാക്കാനാകും. പിജി തുടങ്ങുന്നതോടെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ്  നികത്താം. മെഡിസിൻ, സർജറി, ഡെർമറ്റോളജി, പൾമണറി മെഡിസിൻ, റേഡിയോളജി വിഭാഗങ്ങളിലും വരും വർഷങ്ങളിൽ പിജി കോഴ്‌സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. Read on deshabhimani.com

Related News