വിവാദം അനാവശ്യം കേരളത്തിലുള്ളത്‌ ഏവരെയും സംയോജിപ്പിച്ചുള്ള വികസനം: മന്ത്രി മുഹമ്മദ്‌ റിയാസ്‌

എളമരം കടവിൽ നിർമിച്ച പുതിയ പാലത്തിന്റ ഉദ്‌ഘാടനശേഷം ജനങ്ങളോടപ്പം നടന്നുവരുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ്, പി ടി എ റഹിം എംഎൽഎ, 
എളമരം കരീം എംപി, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ സമീപം


 കൊണ്ടോട്ടി/മാവൂർ  എളമരം കടവ് പാലം ഉദ്ഘാടനം സംബന്ധിച്ച് വിവാദം അനാവശ്യമെന്ന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാവരെയും  യോജിപ്പിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.  കോഴിക്കോട്‌–-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ ചാലിയാറിന്‌ കുറുകെ നിർമിച്ച എളമരം കടവ് പാലം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.   കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ(സിആർഐഎഫ്)നിന്നുമാണ് പാലത്തിന് തുക അനുവദിച്ചത്. സിആർഐഎഫിൽ ഏതെല്ലാം പദ്ധതികൾക്ക് തുക വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരാണ്.  2016ൽ ഒന്നാം പിണറായി സർക്കാർ വന്നശേഷമാണ് ഈ ഫണ്ട് ലഭിക്കാൻ സാഹചര്യമുണ്ടായത്. ഇതിൽ 104 പദ്ധതികൾ പൂർത്തിയാക്കുകയും 2143.54 കോടി സംസ്ഥാന സർക്കാർ മുൻകൂട്ടി ചെലവഴിക്കുകയുംചെയ്തു. ഇതിൽ 1343.83 കോടിയാണ് കേന്ദ്രം അനുവദിച്ചത്. അവകാശപ്പെട്ട 599.71 കോടി തരാനുണ്ട്.  സിആർഐഎഫിൽ നിർമിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്‌ നടത്തിയതെന്നും മന്ത്രി പറഞ്ഞു. കാസർകോട്‌–-തിരുവനന്തപുരം ദേശീയപാതാ വികസനം 2025ൽ പൂർത്തിയാക്കും. ആലപ്പുഴ വലിയഴീക്കൽ പാലംപോലെ എളമരം പാലവും സമീപ ദിവസങ്ങളിൽ വലിയൊരു വിനോദസഞ്ചാര കേന്ദ്രമാകുമെന്നും മന്ത്രി പറഞ്ഞു.  ചാലിയാറിലെ പ്രളയ സാധ്യത മുന്നിൽക്കണ്ട് വിദഗ്ധ സംഘത്തിന്റെ നിർദേശാനുസരണം ഒരു മീറ്റർ ഉയരം കൂട്ടി പാലത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.   Read on deshabhimani.com

Related News