കവചം 2.0: കോവിഡ് വാക്സിനേഷൻ തീവ്രയജ്ഞം ഇന്നുമുതൽ



 മലപ്പുറം  കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന്റെ ഭാ​ഗമായി കവചം 2.0 എന്ന പേരിൽ ജില്ലയിൽ ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാക്സിനേഷൻ തീവ്രയജ്ഞം നടത്തും. 24 മുതൽ ജൂൺ നാല്‌ വരെയുള്ള ദിവസങ്ങളിൽ പരിപാടി നടക്കും. ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് 95 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചവർ 80 ശതമാനവും ആണ്. ഇതോടൊപ്പംതന്നെ അർഹരായിട്ടുള്ളവർ മുൻകരുതൽ ഡോസ് വാക്സിനേഷനും പൂർത്തീകരിക്കേണ്ടതുണ്ട്. 15 വയസുമുതൽ 17 വരെയുള്ള കുട്ടികളിൽ 79 ശതമാനം പേർ ഒന്നാം ഡോസ് വാക്സിനും 42 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 12 വയസുമുതൽ 14 വരെയുള്ള കുട്ടികളിൽ 13 ശതമാനം പേർ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. അർഹരായവർക്ക് വാക്സിൻ നൽകുന്നതിനുവേണ്ടിയാണ്‌ വാക്സിനേഷൻ തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുന്നത്. മുൻകരുതൽ ഡോസ് വാക്സിൻ സ്വീകരിക്കുന്നതിന് യോഗ്യരായവർ, ഗർഭിണികൾ, മുതിർന്നവരും വിദ്യാർഥികളും അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി സൗജന്യമായി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.   Read on deshabhimani.com

Related News