ദേശത്തിന്റെ കഥ പറയുന്ന 
"രാപ്പകൽ' 28, 29 തീയതികളിൽ



കൊണ്ടോട്ടി  ചലച്ചിത്രകാരൻ ടി എ റസാഖിന് ആദരാഞ്ജലിയർപ്പിച്ച് ജന്മഗ്രാമമായ തുറക്കലിൽ ‘അരങ്ങ്‌’ ഒരുക്കുന്ന "രാപ്പകൽ' വാദ്യ നൃത്ത സംഗീത സംഗമം  28, 29 തീയതികളിൽ. 28ന് പനയംപറമ്പ് ഗാലക്സി ഹാളിലാണ് പരിപാടി. രാവിലെ ഗാലക്സി ഹാൾ പരിസരത്ത് കസാവെ കരുവാങ്കല്ല്‌ ഒരുക്കുന്ന "മാനവീയം വരയ്ക്കുന്ന ദേശം' ചിത്രപ്രദർശനം. പ്രദീപ്‌ ചെറിയാൻ സംവിധാനംചെയ്ത "ഖയാൽ കെസ്സ് കിസ്സ' ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കൊണ്ടോട്ടി സൂഫി ഫെസ്റ്റിവലിൽ ബിജു ഇബ്രാഹിം നടത്തിയ ഫോട്ടോ ഷൂട്ടിന്റെ പ്രദർശനവുമുണ്ടാകും.    "ദേശം റസാഖിന്റെ സിനിമകളിൽ' സെമിനാറിൽ സംവിധായകൻ കമൽ, നടൻ മാമുക്കോയ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മുനവറലി ശിഹാബ് തങ്ങൾ, എം എച്ച് ഇല്ല്യാസ്, കമൽ റാം സജീവ്, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവർ പങ്കെടുക്കും.   വൈകിട്ട്‌ ആദിത്യ അവരക്കാടിന്റെ നൃത്തം, പനയംപറമ്പ് കലാകൂട്ടായ്മയുടെ മോഹിനിയാട്ടം, കുച്ചുപ്പിടി, ഹംസ കയനിക്കര സംവിധാനംചെയ്ത രണ്ട് ഹൃസ്വചിത്രങ്ങൾ,  ടി എ റസാഖിന്റെ കാണാക്കിനാവ്, പെരുമഴക്കാലം സിനിമകളുടെ പ്രദർശനവും നടക്കും. 29ന് തുറക്കൽ രാമൻകുട്ടിയുടെ വീട്ടുപരിസരത്ത് രാവിലെ  ചെണ്ടവാദ്യത്തോടെ  പരിപാടികൾ ആരംഭിക്കും. മുട്ടും വിളിയുമായി ഘോഷയാത്ര. തുറക്കൽ സ്കൂൾ ഗ്രൗണ്ടിൽ മോങ്ങം നിറവ് കലാസമിതിയുടെ ചവിട്ടുകളിയും അപ്പുണ്ണി നാരനാട് അനുസ്മരണവും.  വൈകിട്ട് ആറിന്‌ മന്ത്രി ആർ ബിന്ദു സമാപന പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും.  ഡോ.  കെ മുത്തുലക്ഷ്മി, സി എസ് വെങ്കിടേശ്വരൻ എന്നിവർ മുഖ്യാതിഥികളാവും.  മോയിൻകുട്ടി വൈദ്യരുടെ ഹുസുനുൽ ജമാൽ ബദറുൽ മുനീർ കാവ്യത്തെ മുൻനിർത്തി സൈല സലീഷും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശിൽപ്പവും  നിമിഷ സലീമിന്റെ സംഗീതനിശയും അരങ്ങേറും.   Read on deshabhimani.com

Related News