ഇന്ന്‌ ‘അരങ്ങ്‌’ ഉണരും



മലപ്പുറം വീട്ടകങ്ങളിൽനിന്ന്‌ നാടിന്റെ ഹൃദയസ്‌പന്ദനമായി മാറിയ കുടുംബശ്രീ അരങ്ങിലും കരുത്താർജിക്കുന്നു. അയൽക്കൂട്ടം തലത്തിൽനിന്നു തുടങ്ങി താലൂക്ക്‌തലം പിന്നിട്ട കുടുംബശ്രീയുടെ ‘അരങ്ങ്‌’ കലാമേളയുടെ ജില്ലാതല മത്സരത്തിന്‌ ചൊവ്വാഴ്‌ച തുടക്കം. രണ്ടു ദിവസങ്ങളിലായി മലപ്പുറം ഗവ. കോളേജാണ്‌ അരങ്ങിന്‌ വേദിയാവുക. 52 ഇനങ്ങളിലായി 1372 പേർ മത്സരിക്കും. ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ പി ഉബൈദുള്ള എംഎൽഎ ഉദ്‌ഘാടനംചെയ്യും.  35ന്‌ മുകളിൽ (സീനിയർ), 35ൽ താഴെ (ജൂനിയർ) എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായി കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങളാണ്‌ പങ്കെടുക്കുക. നാടകം, ശിങ്കാരിമേളം, ലളിതഗാനം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്‌ ഉൾപ്പെടെയുള്ള ജനപ്രിയ ഐറ്റങ്ങളും മംഗലംകളി, എരുത്‌ കളി, കണ്ണേറ്‌ പാട്ട്‌, കൂളിപ്പാട്ട്‌ എന്നിവയും രചനാ മത്സരങ്ങളുമുണ്ട്‌. ഒന്നാം സ്ഥാനക്കാർക്ക്‌ ജൂൺ രണ്ടുമുതൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം.   അരങ്ങുകളിൽ ഇന്ന്‌ വേദി–- 1 നാടോടിനൃത്തം ജൂനിയർ, നാടോടിനൃത്തം സീനിയർ, തിരുവാതിരകളി, സംഘനൃത്തം ജൂനിയർ, സംഘനൃത്തം സീനിയർ, മംഗലംകളി, എരുതുകളി, അലാമികളി, മറയൂരാട്ടം, മാർഗംകളി. വേദി–- 2 ലളിതഗാനം ജൂനിയർ, ലളിതഗാനം സീനിയർ, സംഘഗാനം, വയലിൻ, നാടൻപാട്ട്‌, കൂളിപ്പാട്ട്‌, മരംകൊട്ടുപാട്ട്‌, കണ്ണേറുപാട്ട്‌, ഫാൻസി ഡ്രസ്‌. വേദി–- 3 കവിതാപാരായണം (ഇംഗ്ലീഷ്‌ ജൂനിയർ,  ഇംഗ്ലീഷ്‌ സീനിയർ, ഹിന്ദി ജൂനിയർ, ഹിന്ദി സീനിയർ), മോണോ ആക്ട്‌ സീനിയർ, മിമിക്രി ജൂനിയർ, മിമിക്രി സീനിയർ, കഥാപ്രസംഗം. വേദി–- 4 കഥാരചന, കവിതാരചന, ചിത്രരചന പെൻസിൽ, ജലച്ചായം, കൊളാഷ്‌, കാർട്ടൂൺ.     Read on deshabhimani.com

Related News