ഇന്ന്‌ ശുഭ്രപതാക ഉയരും

എസ്‌എഫ്ഐ സംസ്ഥാന സമ്മേളനവേദിയിൽ ഉയർത്താനുള്ള പതാക എറണാകുളം മഹാരാജാസ് കോളേജിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജാഥാ ക്യാപ്റ്റൻ ടി പി രഹന സബീനയ്‌ക്ക്‌ കൈമാറുന്നു


പെരിന്തൽമണ്ണ എസ്‌എഫ്‌ഐ  34–-ാം സംസ്ഥാന സമ്മേളനത്തിന്‌ തിങ്കളാഴ്‌ച അനശ്വര രക്തസാക്ഷികളായ സെയ്‌താലിയുടെയും മുഹമ്മദ്‌ മുസ്‌തഫയുടെയും സ്‌മരണകൾ തുടിക്കുന്ന മണ്ണിൽ തുടക്കമാകും.  ധീര രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പൊതുസമ്മേളന നഗരിയിൽ (പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയം) തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌  സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തും. ചൊവ്വാഴ്‌ച അരലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന റാലിക്കുശേഷം വൈകിട്ട്‌ നാലിന്‌ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ധീരജ്‌–-പി ബിജു നഗറി (ഏലംകുളം ഇ എം എസ്‌ സമുച്ചയം)ലാണ്‌ പ്രതിനിധി സമ്മേളനം. ബുധൻ‌ രാവിലെ 9.30ന്‌‌ സാമൂഹ്യപ്രവർത്തകൻ രാം പുനിയാനി ഉദ്‌ഘാടനംചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.  25ന്‌ രാത്രി ഏഴിന്‌ പ്രതിനിധി സമ്മേളന നഗരിയിൽ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവനും 26ന്‌ വൈകിട്ട്‌ ആറിന്‌ രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും ഉദ്‌ഘാടനംചെയ്യും. 27ന്‌ വൈകിട്ട്‌ പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.  രക്തസാക്ഷി ധീരജിന്റെ കണ്ണൂർ തൃച്ചംബരത്തെ സ്‌മൃതികുടീരത്തിൽനിന്ന്‌ ആരംഭിച്ച,  എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം എ പി അൻവീർ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റഗം ജോബിൻസൺ ജയിംസ് മാനേജരുമായ കൊടിമര ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.  എറണാകുളം മഹാരാജാസിലെ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ തുടങ്ങിയ  പതാക ജാഥ  ഞായർ പകൽ 11ന്‌  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌  ഉദ്‌ഘാടനം ചെയ്‌തു.  ജാഥാ ക്യാപ്റ്റൻ ടി പി രഹന സബീന പതാക ഏറ്റുവാങ്ങി.  ആലപ്പുഴയിൽ രക്തസാക്ഷി എ അഭിമന്യുവിന്റെ സ്‌മൃതികുടീരത്തിൽനിന്ന്‌ ആരംഭിച്ച ദീപശിഖാജാഥയ്ക്ക്‌ യോഗത്തിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ്‌ അർജുൻ ബാബു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻദേവ്‌ എംഎൽഎ,  ജാഥാ മാനേജർ സി എസ്‌ സംഗീത്‌, ദീപശിഖാ ജാഥാ ക്യാപ്റ്റൻ ആദർശ്‌ എം സജി, ജാഥാ മാനേജർ അമൽ സോഹൻ എന്നിവർ സംസാരിച്ചു. മൂന്ന്‌ ജാഥകളും തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ പെരിന്തൽമണ്ണയിൽ സംഗമിക്കും. രക്തസാക്ഷി മുഹമ്മദ്‌ മുസ്‌തഫയുടെയും സെയ്‌താലിയുടെയും നാട്ടിൽനിന്നുള്ള രണ്ട്‌ ഉപ ദീപശിഖ ജാഥകളും ഇതോടൊപ്പം ചേരും. തുടർന്ന്‌ പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങും. പൊതുസമ്മേളന നഗരിയിൽ പതാക ഉയരുന്നതോടെ അഞ്ചുനാൾ നീളുന്ന സമ്മേളനത്തിന്‌ തുടക്കമാകും. Read on deshabhimani.com

Related News