കരിമ്പ് ജ്യൂസ് മെഷീനും ആക്രിയും മോഷ്ടിക്കുന്നവര്‍ അറസ്റ്റില്‍



എടക്കര പാതയോരങ്ങളിൽനിന്ന് കരിമ്പ് ജ്യൂസ് മെഷീനുകളും ആക്രി സാധനങ്ങളും മോഷ്ടിക്കുന്ന സംഘം വഴിക്കടവ് പൊലീസിന്റെ പിടിയിൽ. പെരിന്തല്‍മണ്ണ കൊളത്തൂര്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍ (45), പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ (33) എന്നിവരാണ് പിടിയിലായത്. വഴിക്കടവ് മുണ്ട സ്വദേശിയാണ് പരാതിക്കാരന്‍.  ഇയാളുടെ റോഡരികിലെ മെഷീന്‍  പട്ടാപ്പകലാണ് സംഘം മോഷ്ടിച്ചത്. സംശയം തോന്നാതിരിക്കാന്‍ ആക്രി വസ്തുക്കളുടെ കൂടെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.   ആക്രി സാധനങ്ങൾ എടുക്കുന്ന സംഘം നിലമ്പൂർ, വഴിക്കടവ്, എടക്കര ഭാഗങ്ങളിൽ ചുറ്റിക്കറങ്ങിയിരുന്നതായും ഇവര്‍ പിന്നീട് പെരിന്തൽമണ്ണ, കൊളത്തൂർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി.  പിടിയിലായ ഹുസ്സൈന്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, വഞ്ചന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കൊളത്തൂരിലുള്ള ആക്രി മാര്‍ക്കറ്റില്‍നിന്നും വാഹനം വാടകക്കെടുത്ത് മോഷണം നടത്തി മുതലുകള്‍ അതേ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതാണ് പ്രതികളുടെ രീതി. നിലമ്പൂർ ഡിവൈഎസ്പി ഷാജു കെ എബ്രഹാമിന്റെ നിർദേശപ്രകാരം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ ബഷീറി​ന്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതികളെ പിടികൂടിയത്. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ  അബൂബക്കർ നാലകത്ത്, റിയാസ് ചീനി, പ്രശാന്ത്, പ്രത്യേക അന്വേഷക സംഘത്തിലെ എസ്ഐ എം അസൈനാർ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ജിയോ ജേക്കബ്, ടി നിബിൻ ദാസ് എന്നിവരും  അന്വേഷക സംഘത്തിലുണ്ടായി. എസ്ഐ തോമസുകുട്ടി സംഭവസ്ഥലത്ത് പ്രതികളുമായി തെളിവെടുപ്പ് നടത്തി. പ്രതികളെ  കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Read on deshabhimani.com

Related News