ആതിഥേയർ ഗംഭീരമായി കളിച്ചു

തിരൂർ അങ്ങാടി മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾ ലോകകപ്പ് ഫുട്ബോള്‍ ചര്‍ച്ചയിൽ


തിരൂർ അങ്ങാടി മാർക്കറ്റിൽ തിരക്കിന്റെ ഇടവേളയിൽ ചുമട്ടുതൊഴിലാളികൾക്ക്‌ പറയാൻ കഴിഞ്ഞദിവസത്തെ ഖത്തർ–- ഇക്വഡോർ മത്സരവിശേഷം. പത്രം വായിച്ച്‌ ചർച്ച തുടങ്ങുന്നതിനിടെയാണ്‌ മുൻ ചുമട്ടുതൊഴിലാളിയും ഫുട്ബോൾ താരവും റഫറിയുമായ പന്നികണ്ടത്തിൽ അഷ്റഫ് കയറിവന്നത്. ഇതോടെ ചർച്ചയുടെ തലംമാറി.   ഖത്തറിന് ജയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അവരുടെ പിഴവ്‌ ഇക്വഡോർ അവസരമാക്കുകയായിരുന്നു എന്ന്‌ അഷ്‌റഫ്‌ അഭിപ്രായപ്പെട്ടു. ഇതിനോട്‌ പി പി പുരുഷോത്തമനും എൻ സലാമും യോജിച്ചു. ഫുട്‌ബോളിൽ പരിമിതികൾ ഏറെയുള്ള ഖത്തറിന് ഗ്രൗണ്ട് സപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇക്വഡോറിന്റെ ആദ്യ നീക്കങ്ങളും ഗോളും ഖത്തറിന്റെ ആത്മവിശ്വാസം തകർത്തു. ഇതുവരെ നടന്നതിൽ ഏറ്റവും നല്ല ലോകകപ്പാണ് ഇപ്രാവശ്യത്തേത്.  സംഘാടനം മികച്ചതാണെന്നും അഷ്റഫ് പറഞ്ഞു. കുഴപ്പമില്ലാത്ത കളിയായിരുന്നു ഖത്തറിന്റേത്‌, തോൽവിയിൽ പ്രയാസമുണ്ടെന്ന് പുരുഷോത്തമൻ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഭിന്നശേഷിക്കാരനായ ഖാനിം അൽ മുഫ്താഹിനെ വിശിഷ്ടാതിഥിയാക്കിയതും ഇന്ത്യക്കാരെ അഭിസംബോധന ചെയ്തതും അഭിമാനകരമാണെന്ന്‌ എൻ സലാം പറഞ്ഞു. എന്നാൽ ഖത്തർ വലിയ പ്രതീക്ഷ നൽകിയിരുന്നില്ലെന്നാണ്‌ എം മുസ്തഫയുടെ അഭിപ്രായം.  ചർച്ച മുറുകുന്നതിനിടെ പഴവർഗങ്ങളുമായി ലോറി എത്തിയതോടെ താൽക്കാലിക വിരാമമിട്ട് തൊഴിലാളികൾ ലോഡിറക്കാൻ പോയി. Read on deshabhimani.com

Related News