പ്രതിരോധിക്കാം അഞ്ചാംപനിയെ



മലപ്പുറം അഞ്ചാംപനി പിടിപെട്ടവരുടെ എണ്ണംകൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. ജില്ലയിൽ നൂറോളം പേർക്കാണ്‌ രോഗബാധ. വാക്സിനേഷൻ കാര്യക്ഷമമാക്കാൻ തദ്ദേശ ഭരണം, വിദ്യാഭ്യാസം, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര, അങ്കണവാടി വർക്കർമാർ തുടങ്ങിയവ ആരോഗ്യവകുപ്പുമായി ചേർന്ന് കൂട്ടായ പ്രവർത്തനം നടത്തും. കലക്ടർ വി ആർ പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ്‌ യോഗംചേർന്നത്‌.    പനിയുള്ളവരെ 
സ്‌കൂളിൽ വിടരുത്‌ വാക്സിനേഷൻ നിരക്ക് കുറഞ്ഞ മേഖലകളിലാണ് രോഗബാധ കൂടുതൽ. അഞ്ച് വയസുവരെയുള്ളവരുടെ വാക്സിനേഷൻ നിരക്ക് 70 ശതമാനത്തിൽ കുറഞ്ഞ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കുക. അധ്യാപകരുടെയും എൻഎസ്എസ്, എസ്‌പിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിവയുടെ സഹകരണത്തോടെ, വാക്സിനേഷൻ നടത്താത്ത കുട്ടികളെ കണ്ടെത്തും. രക്ഷിതാക്കളെയും ബോധവൽക്കരിക്കും. അധ്യാപകരും വിദ്യാർഥികളും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പനിയുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്. പനിയും അഞ്ചാംപനി ലക്ഷണങ്ങളും കാണിക്കുന്നവരുടെ  വിവരങ്ങൾ ആരോഗ്യ വകുപ്പിന്‌ കൈമാറണം. രോഗബാധ കൂടുതലുള്ള കൽപ്പകഞ്ചേരി പഞ്ചായത്തിലെ സ്കൂളുകളിൽ പിടിഎ യോഗംചേരും.   വാക്‌സിൻ 
സ്‌റ്റോക്കുണ്ട്‌ രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർ‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗംചേർന്ന് സ്ഥിതി വിലയിരുത്തും. ജില്ലാതലത്തിൽ ഡിഎംഒ, ജില്ലാ വികസന കമീഷണർ എന്നിവരുടെ നേതൃത്വത്തിലും പ്രതിദിന അവലോകനമുണ്ടാകും. എംആർ വാക്സിൻ 14,400 ഡോസും വിറ്റാമിൻ എ 80,000 ഡോസും സ്റ്റോക്കുണ്ടെന്ന്‌ ഡിഎംഒ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജില്ലാ വികസന കമീഷണർ രാജീവ് കുമാർ ചൗധരി, തിരൂർ സബ്കലക്ടർ സച്ചിൻകുമാർ യാദവ്, അസി. കലക്ടർ കെ മീര, എഡിഎം എൻ എം മെഹറലി, ഡിഎംഒ ആർ രേണുക, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.   Read on deshabhimani.com

Related News