കൗമാരക്കുതിപ്പിന്‌ നാളെ ട്രാക്കുണരും



മലപ്പുറം കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിന്‌ ബുധനാഴ്‌ച ട്രാക്കുണരും. കലിക്കറ്റ്‌ സർവകലാശാലാ സ്‌റ്റേഡിയത്തിലെ സിന്തറ്റിക്‌ ട്രാക്കിലാണ്‌ മത്സരം. മേളക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  മൂന്ന്‌ ദിവസത്തെ മീറ്റിൽ 17 ഉപജില്ലകളിൽനിന്നായി 3000ത്തോളം താരങ്ങൾ മാറ്റുരയ്‌ക്കും. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ്‌ മത്സരം. ബുധൻ രാവിലെ 8.30ന്‌ മത്സരം ആരംഭിക്കും. പകൽ മൂന്നിന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ മേള ഉദ്‌ഘാടനംചെയ്യും. ആദ്യദിനം 26 ഫൈനലുകൾ. 98 ഇനങ്ങളിലാണ്‌ മത്സരം. കടകശേരി ഐഡിയൽ സ്‌കൂളാണ്‌ നിലവിലെ ജേതാക്കൾ. വെള്ളി വൈകിട്ട്‌ അഞ്ചിന്‌ സമാപിക്കും.  കലിക്കറ്റ്‌ സർവകലാശാലാ കായിക വിഭാഗത്തിന്റെ സഹകരണത്തോടെ ഫോട്ടോ ഫിനിഷിങ്‌ സംവിധാനമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ജില്ലാതലത്തിൽ ആദ്യമായാണ്‌ സ്‌കൂൾ കായികമേളക്ക്‌ ഫോട്ടോ ഫിനിഷിങ്‌. മത്സരങ്ങൾക്ക്‌ വരുന്ന പെൺകുട്ടികൾക്ക്‌ കോഹിനൂർ സെന്റ്‌ പോൾസ്‌ എച്ച്‌എസ്‌എസിലും ആൺകുട്ടികൾക്ക്‌ കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസ്‌ സ്‌കൂളിലുമാണ്‌ താമസം. തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ചാണ്‌ മേളയെന്ന്‌ സംഘാടക സമിതി ഭാരവാഹികളായ പി അബ്ദുൾ ഹമീദ്‌ എംഎൽഎ, ഡിഡിഇ കെ പി രമേഷ്‌കുമാർ, പി പി റുഖിയ, കെ വി മുഹമ്മദ്‌ ഷെരീഫ്‌ എന്നിവർ പറഞ്ഞു.   Read on deshabhimani.com

Related News