ആളുമാറി ജപ്തി നോട്ടീസ്‌ പതിച്ചതായി പരാതി



  പെരിന്തൽമണ്ണ  പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ജപ്‌തി നടപടിക്കിടെ  നിരപരാധികളുടെ വീട്ടിൽ റവന്യൂ അധികൃതർ നോട്ടീസ് പതിച്ചതായി പരാതി.  പെരിന്തൽമണ്ണ അങ്ങാടിപ്പുറം വില്ലേജിലെ പുത്തനങ്ങാടിയിലാണ്  സംഭവം. പിഎഫ്ഐ  ബ്രാഞ്ച് പ്രസിഡന്റ്‌ ഇടുപൊടിയൻ അലി, സെക്രട്ടറി ഇടുപൊടിയൻ  ഹംസ എന്നിവരുടെ പേരിലുള്ള നോട്ടീസാണ് സമാന മേൽവിലാസവും പേരുമുള്ള  ഇടുപൊടിയൻ കുടുംബാംഗങ്ങളായ മറ്റ് രണ്ടുപേരുടെ വീടുകളിൽ പതിച്ചത്. അലിയുടെ പേരിൽ അങ്ങാടിപ്പുറം വില്ലേജിൽ 113/2 സർവേ നമ്പറിലെ 3322/ 92 ആധാര പ്രകാരമുള്ള 0.0870 ഹെക്ടർ ഭൂമിയും ഹംസയുടെ പേരിൽ ഇതേ വില്ലേജിൽ 128/2 ബി സർവേ നമ്പറിലെ 4411/14 ആധാര പ്രകാരമുള്ള 0.0145 ഹെക്ടർ ഭൂമിയുമാണ് കണ്ടുകെട്ടേണ്ടത്. എന്നാൽ നോട്ടീസ് പതിച്ച വീടിന്റെ ഉടമയായ  ഹംസ പിഎഫ്ഐ നേതാവ്‌ ഹംസയുടെ  അയൽവാസിയാണ്. ഹർത്താൽ നടക്കുമ്പോൾ ഗൾഫിലായിരുന്ന ഇദ്ദേഹം നാലുമാസംമുമ്പ് നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലിചെയ്യുകയാണ്. രണ്ട് ഹംസമാരുടെയും ബാപ്പയുടെ പേരും  മുഹമ്മദ് എന്നാണ്. പിഎഫ്ഐ നേതാവായ അലിയുടെ വീട് നോട്ടീസ് പതിച്ച അലിയുടെ വീട്ടിൽനിന്ന്‌ അരക്കിലോമീറ്റർ ദൂരെയാണ്.  വ്യാഴാഴ്ച ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ, സർവേയർമാർ എന്നിവരെത്തി നോട്ടീസ് പതിച്ചതറിഞ്ഞ് ഇരു വീട്ടുകാരും ആശങ്കയിലാണ്. ജപ്തി നടപടികൾക്ക് വന്ന ഉദ്യോഗസ്ഥരോട്  പരാതിപ്പെട്ടെങ്കിലും കോടതിയെ സമീപിക്കൂ എന്നാണത്രെ പറഞ്ഞത്. Read on deshabhimani.com

Related News