മായുമോ മുൾവാലനും കാറ്റിളക്കിയും



  സാമൂഹിക വനവൽക്കരണ വകുപ്പും മലബാർ നാച്വറൽ സൊസൈറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ്‌ കടൽപ്പക്ഷികൾ കുറയുന്നതായി കണ്ടെത്തിയത്‌     മലപ്പുറം തിരകളിൽ ഊളിയിട്ടും പാറക്കെട്ടുകളിൽ വിശ്രമിച്ചും കൗതുക കാഴ്‌ചകൾ ഒരുക്കുന്ന കടൽപ്പക്ഷികളുടെ വരവ്‌ കുറയുന്നു. സാമൂഹിക വനവൽക്കരണ വകുപ്പും മലബാർ നാച്വറൽ സൊസൈറ്റിയും ചേർന്ന്‌ ബേപ്പൂരും പൊന്നാനിയിലും നടത്തിയ സർവേയിലാണ്‌ കടൽപ്പക്ഷികളുടെ വരവിൽ കുറവുണ്ടെന്ന്‌ കണ്ടെത്തിയത്‌. മൺസൂൺ സീസൺ ഒഴിച്ചുള്ള കാലങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ കടൽപ്പക്ഷികളുടെ സർവേ നടത്താറുണ്ട്‌. 30 കി.മീ കടലിൽ യാത്രചെയ്‌താണ്‌ പക്ഷികളെ നിരീക്ഷിക്കുന്നത്‌. ഇത്തവണ 2021 ഡിസംബർ 24നാണ്‌ സർവേ നടത്തിയത്‌. കടൽ കാക്കകൾ, മുൾവാലൻ, കാറ്റിളക്കി, തൂപ്പുവാലൻ തിരവെട്ടി (വെഡ്ജ് ടെയ്‌ലർ ഷീയർവാട്ടർ), കുറുവാലൻ തിരവെട്ടി (ഷോർട്ട് ടെയ്‌ലർ ഷീയർവാട്ടർ), വരയൻ തിരവെട്ടി (സ്‌ട്രീക്കെഡ്‌ ഷീയർവാട്ടർ), വെൺമുഖി കാറ്റിളക്കി (വൈറ്റ് ഫെയ്‌സർ സ്റ്റോം പെറ്റ്രെൽ), വാലൻ സ്‌കുവ (ലോങ് ടെയിൽഡ് സ്‌കുവ), ബ്രെെഡിൽഡ്‌ ടേൺ എന്നിവയാണ്‌ പ്രധാന കടൽപ്പക്ഷി ഇനങ്ങൾ. ഇതിൽ നാലുതരം പക്ഷികളെയാണ്‌ ഇത്തവണ കാണാതായത്‌. സ്ഥിരമായി കാണാറുണ്ടായിരുന്ന മുൾവാലൻ (സ്‌കൂവ പക്ഷികൾ), കാറ്റിളക്കി (സ്‌പെക്ട്രൽ പക്ഷികൾ), ബ്ലാക്ക്‌ ഹെഡഡ്‌ ഗുൾ  തുടങ്ങിയ കടൽപ്പക്ഷികളും ഇത്തവണ അപ്രത്യക്ഷമായിട്ടുണ്ട്‌. കണ്ടെത്തിയ ചിലയിനത്തിന്റെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌.  അരുത്‌, കടലിൽ മാലിന്യം കാലാവസ്ഥാ വ്യതിയാനവും കടൽ മലിനീകരണവും മത്സ്യങ്ങളുടെ കുറവും കടൽപ്പക്ഷികളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കാറുണ്ട്‌. പൊട്ടിയ വലകളും കുലച്ചിൽ ഉപയോഗിച്ചുള്ള മീൻപിടിത്തവും കടൽപ്പക്ഷികളെ സാരമായി ബാധിക്കുന്നുണ്ട്‌. Read on deshabhimani.com

Related News