വൻ കഞ്ചാവ്‌ വേട്ട

കഞ്ചാവ്‌ കേസിൽ പിടിയിലായവർ എക്‌സെെസ്‌ സംഘത്തിനൊപ്പം


  മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽനിന്നായി പിടികൂടിയത്‌ 36 കിലോ കഞ്ചാവ്‌   മലപ്പുറം മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലായി എക്‌സൈസിന്റെ വൻ കഞ്ചാവ്‌ വേട്ട. മുപ്പത്തിയാറ്‌ കിലോ കഞ്ചാവാണ്‌ വിവിധ ഭാഗങ്ങളിൽനിന്നായി പിടികൂടിയത്‌.  ആന്ധ്രപ്രദേശിൽനിന്നും മൈസൂരു വഴി വൻതോതിൽ കഞ്ചവ്‌ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൽ എക്‌സൈസ്‌ കമീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും എക്‌സൈസ്‌ ഇന്റലിജൻസും എക്‌സൈസ്‌ സൈ ബർ സെല്ലും നടത്തിയ പരിശോധനയിലാണിത്‌.  വയനാട്‌ മുത്തങ്ങ ചെക്‌പോസ്‌റ്റിൽ കാറിൽ കടത്തിയ 18.250 കിലോ കഞ്ചാവുമായി പാണ്ടിക്കാട്‌ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ്‌ മുബഷീറി (28)നെ ആദ്യം അറസ്‌റ്റ്‌ ചെയ്‌തു. കാറിന്റെ അടിഭാഗത്ത്‌ എൻജിൻ റൂമിൽ രഹസ്യ അറയിലാണ്‌ കഞ്ചാവ്‌ ഒളിപ്പിച്ചത്‌. ഇയാളിൽനിന്ന്‌ ലഭിച്ച വിവരത്തിൽ മഞ്ചേരിയിൽ ബസിൽ കടത്തിയ എട്ട്‌ കിലോ കഞ്ചാവുമായി മഞ്ചേരി കുട്ടിപ്പാറയിൽനിന്ന്‌ മേലാറ്റൂർ ഏപ്പിക്കാട്‌ സ്വദേശിയെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്‌തതിൽനിന്ന്‌ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കാളികാവ്‌ തൊണ്ടയിൽ വീട്ടിൽ സുഫൈലിനെയും കൂട്ടാളികളെയും കോഴിക്കോട്‌ കൂമ്പാറയിലെ ഒളിത്താവളം വളഞ്ഞ്‌ എക്‌സൈസ്‌ സംഘം പിടികൂടി. ഇവർ രക്ഷപ്പെടാൻ ശ്രമിച്ച കാറിൽനിന്നും 10 കിലോ കഞ്ചാവ്‌ കണ്ടെടുത്തു.  മുത്തങ്ങ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ എ ആർ നിഗീഷ്‌, മലപ്പുറം ഐബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്‌, മഞ്ചേരി റേഞ്ച്‌ ഇൻസ്‌പെക്ടർ വി പി ജയപ്രകാശ്‌, തൃശൂർ ഐബി ഇൻസ്‌പെക്ടർ എസ്‌ മനോജ്‌ കുമാർ എന്നിവർ പരിശോധനക്ക്‌ നേതൃത്വം നൽകി.- Read on deshabhimani.com

Related News