കരുത്തുചോരാതെ മലപ്പുറം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ടീം


കുന്നംകുളം ഓവറോൾ കിരീടത്തിൽ തുടർച്ചയായി രണ്ടാംതവണയും മലപ്പുറം കരുത്തുകാട്ടി. പാലക്കാടിനുപിന്നിൽ ഒരിക്കൽക്കൂടി റണ്ണറപ്പ്‌. 168 പോയിന്റാണ്‌ മലപ്പുറത്തിന്‌. മൂന്നാംസ്ഥാനത്തെത്തിയ കോഴിക്കോടിനേക്കാൾ 73 പോയിന്റ്‌ കൂടുതലുണ്ട്‌. സ്‌കൂൾതലത്തിൽ തുടർച്ചയായി രണ്ടാംതവണയും ചാമ്പ്യൻമാരായ കടകശേരി ഐഡിയൽ സ്‌കൂളിന്റെ മികവാണ്‌ മലപ്പുറത്തെ തുണച്ചത്‌. അഞ്ച്‌ -സ്വർണമാണ്‌ കുന്നംകുളത്തെ ട്രാക്കിൽനിന്നും ഫീൽഡിൽനിന്നും ഐഡിയൽ വാരിയത്‌. രണ്ട്‌ സ്വർണംവീതം നേടിയ ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസും കാവനൂർ സിഎച്ച്‌എംകെഎംഎച്ച്‌എസും നേട്ടത്തിന്‌ പിൻബലമേകി. തിരുന്നാവായ നവാമുകുന്ദ എച്ച്‌എസ്‌എസിനും ചീക്കോട്‌ കെകെഎംഎച്ച്‌എസ്‌എസിനും ഓരോ സ്വർണമുണ്ട്‌. തവനൂർ കെഎംവിഎച്ച്‌എസ്‌എസ്‌, തിരുവാലി ജിഎച്ച്‌എസ്‌എസ്‌, മൊറയൂർ വിഎച്ച്‌എംഎച്ച്‌എസ്‌എസ്‌, മൂർക്കനാട്‌ എസ്‌എസ്‌എച്ച്‌എസ്‌എസ്‌, അടക്കാക്കുണ്ട്‌ സിഎച്ച്‌എസ്‌എസ്‌  എന്നിവർ മെഡൽ നേട്ടത്തിൽ പങ്കാളികളായി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ തിളങ്ങാൻ മലപ്പുറത്തിന്റെ കുട്ടികൾക്ക്‌ കഴിഞ്ഞു. ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിലാണ്‌ ഏറ്റവുമധികം മെഡലുകൾ മലപ്പുറം സ്വന്തമാക്കിയത്‌. അഞ്ച്‌ സ്വർണവും മൂന്ന്‌ വെള്ളിയും മൂന്ന്‌ വെങ്കലവും. പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിലും ജില്ല മികവുപുലർത്തി. ഹ്രസ്വദൂര ഓട്ടത്തിലും ജമ്പ്‌ ഇനങ്ങളിലും ത്രോ ഇനങ്ങളിലും  മെഡൽ കൊയ്‌തു. 174 അംഗ സംഘവുമായാണ്‌ മലപ്പുറം കുന്നംകുളത്ത്‌ വണ്ടിയിറങ്ങിയത്‌. 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവും വാരിയെടുത്താണ്‌ മടക്കം.   Read on deshabhimani.com

Related News