കൈവശഭൂമി തട്ടിയെടുത്തു; 
കൃഷി നശിപ്പിച്ചു



  പൊന്നാനി അമ്പത്‌ വർഷത്തിലേറെയായി കൈവശംവയ്‌ക്കുന്ന കൃഷിഭൂമി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഫൈസൽ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായി  മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. അഞ്ചര ഏക്കർ വരുന്നതാണ്‌ സ്ഥലമെന്ന്‌ പുറത്തൂർ പടിഞ്ഞാറേക്കര കടലോര മേഖലയിലെ നാലു കുടുംബങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.     സ്ഥലത്തിന്റെ  ഉടമസ്ഥാവകാശം ആവശ്യപ്പെട്ട്  നൽകിയ കേസ് തിരൂർ കോടതിയിലാണ്‌. ദിവസങ്ങൾക്കുമുമ്പ് പൊലീസ് സഹായത്തോടെ ഫൈസൽ തങ്ങളുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച്‌ പച്ചക്കറി കൃഷി നശിപ്പിച്ചു. തടയാൻ ശ്രമിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ബലപ്രയോഗത്തിൽ കൈക്ക്‌ പരിക്കേറ്റതായും അധ്യാപികകൂടിയായ തെക്കൻ വീട്ടിൽ അനിത പറഞ്ഞു. പതിനഞ്ച്‌ ലക്ഷം രൂപയുടെ കൃഷിയാണ്‌ നശിച്ചത്‌. കാലങ്ങളായി താമസിക്കുന്ന കുടുംബങ്ങൾക്ക്‌ 10 സെന്റ്‌ വീതം കുടിയിരിപ്പായി നൽകിയിട്ടുണ്ട്‌. ബാക്കി സ്ഥലം കൈവശംവച്ച്‌ കൃഷിചെയ്യുകയാണ്‌. ഇതാണ്‌  നശിപ്പിച്ചത്‌.  വില്ലേജ് ഓഫീസിൽനിന്ന്‌ 2015ൽ ലഭിച്ച വിവരാവകാശരേഖ പ്രകാരം കുടുംബങ്ങൾക്ക് നൽകിയ ഭൂമി ഒഴിച്ചുള്ളവയ്‌ക്ക്‌ അവകാശികൾ ഇല്ല. എന്നാൽ, 2015ൽ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിലൂടെ ഉദ്യോഗസ്ഥ ഒത്താശയിൽ സ്ഥലം ഫൈസൽ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ കൈവശപ്പെടുത്തിയതായി കുടുംബങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതി ഉത്തരവോ യഥാർഥരേഖയോ ഉണ്ടങ്കിൽ ഭൂമി കൈമാറാമെന്നും കുടുംബങ്ങൾ പറഞ്ഞു.  പുളിക്കൽ മണി, സദാനന്ദൻ തെക്കൻ, കാട്ടയിൽ ബാലൻ, ഷെഫീഖ്,  അഡ്വ. പി എ ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News