വീണ്ടും കുതിക്കാന്‍ പൊന്നാനി

പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ നിര്‍മിക്കുന്ന ബസ്‌ സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ രൂപരേഖ


പൊന്നാനി നഗരസഭാ വാർഷിക ബജറ്റിലെ സുപ്രധാന കാൽവയ്പ്പായ ചമ്രവട്ടം ജങ്ഷനിൽ ഷോപ്പിങ് കോംപ്ലക്‌സോടുകൂടിയ ബസ്‌ സ്റ്റാന്‍ഡ് എന്ന നിർദേശം യാഥാർഥ്യമാകുന്നു. ഇതിനുള്ള   സ്ഥലം കൈമാറുന്നതിനാവശ്യമായി താൽപ്പര്യപത്രം കഴിഞ്ഞ ദിവസം  ക്ഷണിച്ചിരുന്നു.  അത്യാധുനിക രീതിയിൽ ബസ്‌ സ്റ്റാന്‍ഡ് കം ഷോപ്പിങ് കോപ്ലക്സാണ്‌ വിഭാവനംചെയ്യുന്നത്‌.  ബസ്‌ സ്റ്റാന്‍ഡ്, ആധുനിക രീതിയിലുള്ള മത്സ്യ–-മാംസ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ടൗൺ ഹാൾ, ഷോപ്പിങ് കോംപ്ലക്സ് എന്നിവയോടുകൂടി പൊന്നാനിയുടെ മുഖച്ചായ മാറ്റുന്നതാണ് പദ്ധതി. 100 കോടിയുടേതാണ്‌ പദ്ധതി. നഗരസഭയുമായി ഉണ്ടാക്കുന്ന ധാരണാപത്രത്തിന്റെയും  ഉടമ്പടിയുടെയും അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും  (പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ) പദ്ധതി നടപ്പാക്കുക. ഇതിനാവശ്യമായ സൗകര്യങ്ങൾ നഗരസഭ നൽകും. നഗരസഭയുടെ നഗരാസൂത്രണ മാസ്റ്റർപ്ലാൻ പ്രകാരം വിജ്ഞാപനംചെയ്ത ചമ്രവട്ടം ജങ്ഷനിലെ മൂന്നര ഏക്കറിലാണ് പദ്ധതി യാഥാർഥ്യമാക്കുക. ദേശീയപാത കടന്നുപോവുന്ന ചമ്രവട്ടം ജങ്ഷനിൽ ബസ്‌ സ്റ്റാന്‍ഡ് ഒരുങ്ങിയാൽ എറണാംകുളം–- കോഴിക്കോട് റൂട്ടിലെ പ്രധാന ഇടത്താവളമായി ഇതുമാറും.  പൊന്നാനിയിൽ നഗരസഭയുടെ നേതൃത്വത്തിൽ കൂടുതൽ സൗകര്യങ്ങളോടെ ആധുനികരീതിയിൽ മത്സ്യ മാംസ മാർക്കറ്റും ടൗൺ ഹാളും നിർമിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. സ്ഥല പരിമിതിയായിരുന്നു തടസം. ചമ്രവട്ടം ജങ്ഷനിൽ ടൗൺ ഹാളും ഷോപ്പിങ് കോംപ്ലക്സും അടങ്ങിയ ബസ്‌ സ്റ്റാന്‍ഡ് യാഥാർഥ്യമായാൽ നഗരസഭ ജനങ്ങൾക്ക് നൽകിയ  സ്വപ്ന പദ്ധതികൂടിയാണ് നടപ്പാവുക. 2024ൽ ദേശീയപാത കമീഷൻ ചെയ്യുന്നതോടെ ബസ്‌ സ്റ്റാന്‍ഡും  നാടിന് സമർപ്പിക്കുകയാണ്‌ ലക്ഷ്യം. നഗരസഭ മുന്നോട്ടുവച്ച സുപ്രധാന കാൽവയ്പ്പാണിതെന്നും പുതിയ ബസ്‌ സ്റ്റാന്‍ഡ് നിർമിക്കുന്നതോടൊപ്പം നിലവിലെ ബസ്‌ സ്റ്റാന്‍ഡ് നവീകരിക്കാൻ പദ്ധതിയുണ്ടെന്നും  ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു. Read on deshabhimani.com

Related News