വള്ളുവനാടിന്റെ *കനലെരിയുന്ന ഓർമ

മുഹമ്മദ് മുസ്തഫ


പെരിന്തൽമണ്ണ പോരാട്ടത്തിന്റെ കനലെരിയുന്ന ഓർമകളിൽ ജ്വലിക്കുന്ന നക്ഷത്രമാണ്‌ മുഹമ്മദ് മുസ്തഫ. അടിയന്തരാവസ്ഥകാലത്തെ പൊലീസ് വേട്ടയുടെ ഇര.  എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ പെരിന്തൽമണ്ണ വേദിയാകുമ്പോൾ വള്ളുവനാടിന്റെ മനസിൽ നെച്ചിൽ മുഹമ്മദ് മുസ്തഫയുടെ സ്‌മരണ നിറയുന്നു. പതിനാറാം വയസിൽ മണ്ണാർക്കാട് എംഇഎസ് കോളേജിൽ പഠിക്കാനെത്തിയതായിരുന്നു മുസ്തഫ. കോളേജ് കാന്റീനിലെ  ഭക്ഷണത്തിന്റെ നിലവാരക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ പഠിപ്പുമുടക്കി സമരത്തിനിറങ്ങി. സമരത്തെ നേരിടാൻ വലിയ പൊലീസ് സന്നാഹം കോളേജിൽ തമ്പടിച്ചിരുന്നു.  മുസ്തഫയേയും സഹപ്രവർത്തകൻ ഹനീഫയേയും ബലം പ്രയോഗിച്ച് പൊലീസ് വാനിൽ കയറ്റി. പത്തോളം വിദ്യാർഥികളും ആ സമയം പൊലീസ് വാനിലുണ്ടായിരുന്നു. എല്ലാവരേയും മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി ഏഴു ദിവസത്തേക്ക് പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡ്‌ ചെയ്തു. ജാമ്യം നൽകാതെ റിമാൻഡ്‌  14 ദിവസം നീട്ടി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ ജയിലിലെ മർദനവും ഭക്ഷണമില്ലായ്മയും കാരണം മുഹമ്മദ് മുസ്തഫക്ക് കടുത്ത പനിയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. ജയിൽ മോചിതനായെങ്കിലും  1976 ആഗസ്‌ത്‌ 16ന്‌ ആ ജീവിതം നിലച്ചു.  ‘‘നാട്ടിൽ സജീവ രാഷ്‌ട്രീയത്തിലുണ്ടായിരുന്നില്ല. കോളേജിൽ എസ്എഫ്ഐ പ്രവർത്തനത്തിൽ സജീവമായിരുന്നു. അകാരണമായാണ്‌ അവനെ വേട്ടയാടിയത്‌. അവൻ മരിക്കുമ്പോൾ ഞാൻ അഞ്ചാം ക്ലാസിലായിരുന്നു. ആ ദിവസം ഇന്നും ഓർമയുണ്ട്‌’’ –-മുസ്തഫയുടെ അനിയൻ നെച്ചിയിൽ കുഞ്ഞിമുഹമ്മദ്‌ പറഞ്ഞു. ‘‘കോളേജിൽ പഠിക്കുന്നവൻ എന്ന നിലയിൽ വീട്ടുകാർക്കും അയൽവാസികൾക്കും മുസ്തഫയെ വലിയ കാര്യമായിരുന്നു. കുടുംബത്തിന്റെ പ്രതീക്ഷയാണ്‌ ഇല്ലാതായത്‌’’–- മൂത്ത സഹോദരീപുത്രൻ അലവി പറഞ്ഞു. Read on deshabhimani.com

Related News