സന്തോഷ് ട്രോഫി ഫുട്‌ബോൾ പയ്യനാട് ഒരുങ്ങുന്നു, അതിവേഗം

പയ്യനാട്‌ പുല്ലുകൾക്കിടയിലെ കളപറിക്കുന്ന ജോലിക്കാരൻ


  മഞ്ചേരി സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ മുഖ്യവേദിയായ മഞ്ചേരി പയ്യനാട് ഫുട്‌ബോൾ സ്‌റ്റേഡിയത്തിലെ ജോലികൾ അതിവേഗം പുരോഗമിക്കുന്നു.  ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനമാണ് നിലവിൽ നടക്കുന്നത്. കളിക്കാർക്കും റഫറിമാർക്കും മറ്റ്‌ ഒഫീഷ്യലുകൾക്കുമുള്ള റൂമുകളുടെ പെയ്ന്റിങ്ങും വിഐപി പവിലിയനിൽ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവൃത്തികളും പൂർത്തിയായി. നിലവിലെ പവിലിയന്റെ സ്ഥലത്ത് കോൺഗ്രീറ്റ്ചെയ്ത് ഉയരംകൂട്ടിയാണ് വിഐപി  പവിലിയൻ.  ഇവിടെ ആയിരം കസേര സ്ഥാപിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്‌പോർട്‌സ് ഫൗണ്ടേഷനാണ് പയ്യനാട് സ്റ്റേഡിയത്തിന്റെ  അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും നടത്തുന്നത്. ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി, വൈദ്യുതി ജോലി, ഗ്യാലറി പെന്റിങ് തുടങ്ങിയവയാണ് ഇനി പൂർത്തിയാകാനുള്ളത്.  നിലവിലുള്ള ഫ്ലഡ്‌‌ ലൈറ്റുകൾക്കുപുറമെ 80 ലക്ഷം രൂപ  ചെലവിട്ട് നാല്‌ ടവറുകളിലായി 84 ലൈറ്റുകൾകൂടി സ്ഥാപിക്കും. ഏഴ്‌ വർഷംമുമ്പ്‌ താൽക്കാലിക ഫ്ലഡ്‌‌ ലൈറ്റിലായിരുന്നു ഫെഡറേഷൻ കപ്പ് നടന്നത്. 2020ൽ കേരള സർക്കാരിന്റെ പ്രത്യേക ഫണ്ടിൽ സ്റ്റേഡിയത്തിൽ സ്ഥിരം ഫ്ലഡ്‌‌ ലൈറ്റ്‌ സ്ഥാപിച്ചു. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം രൂപ ചെലവിട്ട് ട്രാൻസ്‌ഫോർമറും സ്ഥാപിച്ചു.  കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എ മത്സരങ്ങളും സെമി, ഫൈനൽ മത്സരങ്ങളുമാണ്‌ പയ്യനാട് നടക്കുക. Read on deshabhimani.com

Related News