മലയാളികളിൽനിന്ന്‌ തട്ടിയത്‌ 50 കോടി



മലപ്പുറം യൂണിവേഴ്‌സൽ ട്രേഡിങ് സൊലൂഷൻസ്‌ (യുടിഎസ്‌) വഴി ഗൗതം രമേശ്‌‌ മലയാളി നിക്ഷേപകരിൽനിന്ന്‌ തട്ടിയത്‌ 50 കോടിയോളം രൂപ. പതിനായിരങ്ങൾ തട്ടിപ്പിനിരയായതായാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. നിരവധി പരാതികളാണ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഉയരുന്നത്‌. 2017ലാണ്‌ തമിഴ്‌നാട്‌ സൂളൂർ സ്വദേശി ഗൗതം രമേശ്‌ നിക്ഷേപം സ്വീകരിക്കാൻ ‌തുടങ്ങിയത്‌. 2018ൽ യുടിഎസ്‌ എന്ന പേരിൽ കമ്പനി രൂപീകരിച്ച്‌ ഓൺലൈൻ വഴി നിക്ഷേപ സമാഹരണം തുടങ്ങി. കേരളത്തിൽ ഉൾപ്പെടെ ഏജന്റുമാരെയും നിയമിച്ചു. വൻ തുക പലിശ  വാഗ്‌ദാനം നൽകിയാണ്‌ നിക്ഷേപം സ്വീകരിച്ചത്‌. തുടക്കത്തിൽ കൃത്യമായി പലിശ തിരിച്ച്‌ നൽകി നിക്ഷേപകരുടെ വിശ്വാസം ആർജിച്ച കമ്പനിയിൽ കൂടുതൽ പേർ ആകൃഷ്‌ടരായി.  ഐടി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കോയമ്പത്തൂരിലെ കമ്പനിയിൽ റെയ്‌ഡ്‌ നടന്നതോടെയാണ്‌ നിക്ഷേപ തട്ടിപ്പ്‌ പുറത്തായത്‌. ഇതോടെ പലരും നിക്ഷേപം തിരികെ ആവശ്യപ്പെട്ട്‌ രംഗത്തെത്തി. തമിഴ്‌നാട്ടിലായിരുന്നു ഏറ്റവുമധികം നിക്ഷേപകരുണ്ടായിരുന്നത്‌.  48,000ൽ അധികം പേർ കമ്പനിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ, പണം നൽകി കേസ്‌ ഒതുക്കുകയായിരുന്നു. അടുത്തിടെ സേലം പൊലീസിൽ ലഭിച്ച പരാതിയിൽ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌ മനസ്സിലാക്കി മലപ്പുറം നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുപോയി കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇതോടെയാണ്‌ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്‌. കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്‌.  നേരത്തെ വൻകിട ട്രേഡിങ്‌ കമ്പനിയിൽ പ്രവർത്തിച്ച അനുഭവ പരിചയം ഉപയോഗിച്ചാണ്‌ ഇയാൾ തട്ടിപ്പ്‌ ആസൂത്രണം ചെയ്‌തത്‌. കമ്പനിയുടെ ബോർഡ്‌ ഓഫ്‌ ഡയറക്ടർമാരിൽ ഒരാളായ തമിഴ്‌നാട്‌ സ്വദേശിക്കുകൂടി തട്ടിപ്പിൽ പങ്കുള്ളതായാണ്‌ സൂചന. ഇയാളെ അറസ്‌റ്റ്‌ ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്‌. മലപ്പറും, പാലക്കാട്‌ ജില്ലകളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ തെളിവെടുപ്പ്‌ പൂർത്തിയായശേഷം ഗൗതമിനെ കോടതിയിൽ ഹാജരാക്കും. മറ്റ്‌ കേസുകളിലും ഇയാളെ കസ്‌റ്റഡിയിലെടുക്കാൻ സാധ്യതയുണ്ട്‌.  Read on deshabhimani.com

Related News