പോരാട്ടത്തിന്റെ കനലോർമകൾ

മലപ്പുറം എംഎസ്‌പി ആസ്ഥാനത്തെ മലബാർ സമര സ്‌തൂപം


    മലപ്പുറം തിരൂരങ്ങാടി ഹജൂർ കച്ചേരിക്ക്‌ സമീപം മുഴങ്ങിയ വെടിയൊച്ച ഒരു തുടക്കമായിരുന്നു. സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിന്റെ, പോരാട്ടത്തിന്റെ ആരംഭം. 101 വർഷം പിന്നിടുമ്പോഴും മലബാർ സമരത്തിന്റെ  ഓർമകളിൽ ഇന്നും പോരാട്ടത്തിന്റെ വീറുണ്ട്‌.  ചെറിയൊരു ഭൂപ്രദേശത്ത്‌ പൊട്ടിപ്പുറപ്പെട്ട പോരാട്ടമായിരുന്നില്ല മലബാർ സമരം. ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌  താലൂക്കുകളിൽ ആരംഭിച്ച പോരാട്ടമായിരുന്നു അത്‌.  മലബാറിലെ കർഷക–-കുടിയാൻ പ്രശ്‌നങ്ങൾ, സാമ്രാജ്യത്വ–-ജന്മിത്വ വിരുദ്ധ പ്രക്ഷോഭം, ബ്രിട്ടീഷ്‌ അടിച്ചമർത്തലുകൾ, ഖിലാഫത്ത്‌ പ്രവർത്തകർക്കുനേരെയുള്ള അതിക്രമം  തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി കാരണങ്ങൾ സമരത്തിന്‌ പിന്നിലുണ്ടായിരുന്നു. 1921 ആഗസ്ത് 20ന് തിരൂരങ്ങാടിയിലായിരുന്നു  സംഭവ പരമ്പരകൾക്ക് തുടക്കം. 1843-ൽ ചേറൂരിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായവരുടെ കച്ചേരി വളപ്പിലെ ഖബറിടത്തിൽ പ്രാർഥന നടത്തുന്നത് ബ്രിട്ടീഷുകാർ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. സമരക്കാരെ അടിച്ചമർത്താൻ കലക്ടർ ഇ എഫ് തോമസ്, ക്യാപ്റ്റൻ മൈക്കിൾ റോയ്, പൊലീസ് മേധാവി ഹിച്ച്കോക്ക്, സൂപ്രണ്ട് പി ആമു എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പട്ടാളം തിരൂരങ്ങാടിയിലെത്തി. 20ന് തിരൂരങ്ങാടിയിലെത്തിയ സൈന്യം ഖിലാഫത്ത് ഓഫീസ് തകർത്തു. തിരൂരങ്ങാടി വലിയ പള്ളിക്ക് വെടിവച്ചെന്ന വാർത്ത പരന്നതോടെ താനൂരിൽനിന്നും പ്രതിഷേധക്കാരെത്തി. സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തിൽ ഇവരെ തടഞ്ഞ് വെടിവച്ചു.  ഒമ്പതുപേർ മരിച്ചു. ഇതോടെ തിരൂരങ്ങാടിയിൽ കൂടിയിരുന്നവർ കച്ചേരിയിലേക്ക് നീങ്ങി. ഇവരെ പട്ടാളം തടഞ്ഞു. പോരാട്ടത്തിൽ ഇരുപതോളം പേർ വെടിയേറ്റുവീണു.  ആഗസ്ത് 30ന് തിരൂരങ്ങാടി വലിയ പള്ളി പട്ടാളം വളഞ്ഞു. വിവരമറിഞ്ഞ്‌ കോട്ടക്കലിൽനിന്ന്‌ നിരവധി പേർ തിരൂരങ്ങാടിയിലേക്ക്‌ നീങ്ങി. കോട്ടക്കൽ ചന്തയിൽ എത്തിയവരായിരുന്നു ഭൂരിഭാഗം പേരും. അന്ന്‌ നടന്ന വെടിവയ്‌പിൽ നിരവധി പേർ മരിച്ചു. ഇതിനുള്ളിൽത്തന്നെ സമരം മലബാറിൽ വ്യാപിച്ചിരുന്നു.  പൂക്കോട്ടൂർ യുദ്ധവും മേൽമുറി, വള്ളുവമ്പ്രം എന്നിവിടങ്ങളിലെ പോരാട്ടവും മലബാർ സമരത്തിന്റെ  ഭാഗമായിരുന്നു.  Read on deshabhimani.com

Related News