ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും



  സ്വന്തം ലേഖകൻ പൊന്നാനി  കലയും സാഹിത്യവും സംസ്കാരവും സമന്വയിച്ച പൊന്നാനിയുടെ ചരിത്ര ഭൂമികയിൽ ബാലസംഘം ജില്ലാ സമ്മേളനത്തിന് ശനിയാഴ്‌ച കൊടി ഉയരും. ശനി, ഞായർ ദിവസങ്ങളിലായി എം വിജയകുമാർ–-എം ആദർശ് നഗറി (എംഇഎസ് കോളേജ്)ലാണ് സമ്മേളനം. വികസന വിപ്ലവ നായകൻ ഇ കെ ഇമ്പിച്ചിബാവയുടെ മണ്ണിൽ ആദ്യമായെത്തിയ ജില്ലാ സമ്മേളനം ആഘോഷമാക്കാൻ നാട് ഒരുങ്ങി.  ഇമ്പിച്ചിബാവയുടെ ഭരണകാലത്ത് തുടക്കംകുറിച്ച പൊന്നാനി എംഇഎസ് കോളേജിലെ ഇമ്പിച്ചിബാവയുടെ പേരിലുള്ള ഇ കെ ഓഡിറ്റോറിയത്തിലാണ്  സമ്മേളനം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ അടയാളമായ സൈനുദ്ദീൻ മഖ്ദൂമിയുടെയും ഉമർ ഖാസിയുടെയും നാടാണ് പൊന്നാനി. ഇടശ്ശേരിയും ഉറൂബും കടവനാട് കുട്ടികൃഷ്ണനും അക്കിത്തവും വള്ളത്തോളും എംടിയും അടക്കമുള്ളവർ പയറ്റിത്തെളിയിച്ച പൊന്നാനി കളരിയുടെ എഴുത്തിന്റെ പെരുമകൾ നിറഞ്ഞ മണ്ണ്. രാവിലെ 9.30ന് ബാലസംഘം പ്രവർത്തകർ അവതരിപ്പിക്കുന്ന നൃത്തശിൽപ്പത്തോടെ സമ്മേളനത്തിന് തുടക്കമാകും. 10ന്‌ ജില്ലാ പ്രസിഡന്റ്‌ അയിഷ ഷഹ്മ പതാക ഉയർത്തും. പ്രമുഖ സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് ആറിന്‌ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സാംസ്കാരിക സമ്മേളനം ചേരും. അതുൽ നറുകര നയിക്കുന്ന സോൾ ഓഫ് ഫോക്‌സിന്റെ നാടൻപാട്ടും അരങ്ങേറും. വിപിഎസ് കളരിസംഘം മോക്ഷ സ്റ്റേജ് ഷോ അവതരിപ്പിക്കും.  ഞായറാഴ്ച രാവിലെ ഒമ്പതിന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പകൽ മൂന്നിന്‌ സമാപിക്കും. തുടർന്ന്‌ ഹാർബർ പരിസരത്തുനിന്ന് ബസ് സ്റ്റാൻഡ്‌ പരിസരത്തേക്ക് നടക്കുന്ന ഘോഷയാത്രയിൽ പതിനായിരം കുട്ടികൾ അണിനിരക്കും.  സമാപന പൊതുയോഗത്തിൽ പി നന്ദകുമാർ എംഎൽഎ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, സംസ്ഥാന കൺവീനർ ടി കെ നാരായണദാസ് എന്നിവർ പങ്കെടുക്കും.   Read on deshabhimani.com

Related News