നവലിബറല്‍ കാലത്ത് ആരോഗ്യ സംരക്ഷണം ലാഭം മാത്രം കണ്ടെത്താനുള്ള ബിസിനസായി മാറി: ഡോ. രാമചന്ദ്ര ഡോം

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പാർലമെന്റ്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോം ഉദ്‌ഘാടനംചെയ്യുന്നു


പെരിന്തൽമണ്ണ> കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ആരോഗ്യരംഗത്തെ വിപണിവൽക്കരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ഡോ. രാമചന്ദ്ര ഡോം പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പാർലമെന്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ ഉയർന്നുവരുന്ന കോർപറേറ്റ്‌ ആശുപത്രികളും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ആരോഗ്യ ഇൻഷുറൻസ്‌ കമ്പനികളും ഈ വിപണി സാധ്യതയുടെ തെളിവുകളാണ്‌.    2017ൽ ആയുഷ്മാൻ ഭാരത്‌ പദ്ധതിയുടെ പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പുനരവലോകനം അത്യാവശ്യമാണ്‌. പണമില്ലെന്ന കാരണത്താൽ ആർക്കും ആരോഗ്യ സേവനം നിഷേധിക്കാൻ പാടില്ലെന്ന തത്വത്തിലാണ്‌ രാജ്യത്തെ ആരോഗ്യ മേഖലയെ രൂപപ്പെടുത്തിയിരിക്കുന്നത്‌. അതിന്‌ ആവശ്യമായ ധനസഹായം പൊതു ഖജനാവിൽനിന്ന്‌ ലഭ്യമാകുന്നതായിരുന്നു രീതി. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ നിലവിലുള്ള ആരോഗ്യ സംവിധാനത്തെ തകർത്തു.   മോദി സർക്കാർ ആസൂത്രണ കമീഷനെ ഇല്ലാതാക്കിയത്‌ പൊതുജനാരോഗ്യ സംവിധാനത്തെ ഏറ്റവും മോശമായി ബാധിച്ചു.  പൊതുമേഖലയെ വിറ്റുതുലച്ചതിനൊപ്പം ആരോഗ്യ മേഖലയെ കച്ചവടത്തിനായി മോദി സർക്കാർ വിട്ടുകൊടുത്തു. നവലിബറൽ കാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണം ലാഭം മാത്രം കണ്ടെത്താനുള്ള ബിസിനസായി മാറി. പൊതുജനാരോഗ്യ സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യ ഇൻഷുറൻസ്‌ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്‌. കോവിഡ്‌ കാലത്ത്‌ സംസ്ഥാനങ്ങളിലെ ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്‌തത വ്യക്തമായി. എന്നാൽ കേരളം  മാതൃകയായി. കോവിഡ്‌ കാലത്ത്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നടത്തിയ ഇടപെടലുകൾ ലോകശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ നയങ്ങൾ തിരുത്താൻ കേന്ദ്രം തയ്യാറാകണമെന്നും  അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News