സമയമാറ്റം പുനഃപരിശോധിക്കണം: സിപിഐ എം



    മലപ്പുറം നിലമ്പൂർ-–-ഷൊർണൂർ എക്‌സ്‌പ്രസിന്റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്ന്‌ സിപിഐ എം. സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതാണ്‌. സമയമാറ്റം പുനഃപരിശോധിക്കാൻ റെയിൽവേ തയ്യാറാകണം. 30ന്‌ ആരംഭിക്കുന്ന ഷൊർണൂർ അൺ റിസർവ്ഡ് സ്‌പെഷൽ എക്സ്‌പ്രസ് സർവീസുകൊണ്ട്‌ യാത്രക്കാർക്ക്‌ ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ് വരാൻപോകുന്നത്‌‌. സമയം മാറ്റുന്നത്‌ യാത്രക്കാർക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാകും.  പുതിയ സമയ ക്രമീകരണപ്രകാരം ഒരു മണിക്കൂറോളം ട്രെയിൻ നിലമ്പൂരിൽ നിർത്തിയിടുന്നുണ്ട്. ഇതുകാരണം ഷൊർണൂരിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന പരശുറാം, നേത്രാവതി, ശബരി കണക്ഷൻ എക്‌സ്‌പ്രസുകൾ  ലഭിക്കാതെവരും.  ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ഗതാഗതമാർഗമാണ്‌ നിലമ്പൂർ–-ഷൊർണൂർ ട്രെയിൻ സർവീസുകൾ. കോവിഡ്‌ കാരണം സർവീസുകൾ നിർത്തിയത്‌ യാത്രക്കാരെ ഏറെ വലച്ചിരുന്നു. രണ്ട്‌ വർഷത്തിനുശേഷം ട്രെയിൻ പുനഃസ്ഥാപിക്കുമ്പോൾ അത്‌ യാത്രക്കാർക്ക്‌ പ്രയോജനകരമല്ലാത്ത രീതിയിലാണ്‌. ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ ട്രെയിൻ സമയം പുനക്രമീകരിക്കാൻ‌ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News