കാലം കാത്തുവച്ചത്...



  വേങ്ങര  ഓട്ടിസത്തിന് ഹബീബ് റഹ്മാന്റെ കഴിവുകളെ കെട്ടിയിടാന്‍ കഴിഞ്ഞില്ല.  തന്റെ കഴിവുകളെ  വരയായും കഥമയായും അവന്‍  കടലാസിലേക്ക് പകർത്തി,  വായനക്കാർക്കു മുമ്പിലെത്തിച്ചു. ആ മനക്കരുത്തിന് അം​ഗീകാരം തേടിയെത്തിയിരിക്കുന്നു. സമഗ്ര ശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷന്‍ പദ്ധതി ഭാഗമായുള്ള  മൂന്നാം ക്ലാസ് കുട്ടികൾക്കായുള്ള  അടിസ്ഥാന ഭാഷാ ഗണിതശേഷി വിലയിരുത്തല്‍  പുസ്തകത്തിൽ ഹബീബ് റഹ്മാന്റെ കഥ ഉൾപ്പെടുത്തി. അധിക പഠന സഹായിയില്‍ ഇനി ഹബീബ് റഹ്മാന്റെ " മഴ തേടിപ്പോയ പോക്രാച്ചി ' എന്ന കഥ വായിക്കാം. 2019 മാർച്ച് 12ന് വേങ്ങര ബിആർസിയില്‍വച്ചാണ് 'മഴ തേടിപ്പോയ പോക്രാച്ചി പ്രസിദ്ധീകരിച്ചത്. അന്നത്തെ ബിആർസി കോ- ഓർഡിനേറ്റർ വി ആർ ഭാവനയുടെ ശ്രമഫലമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചെറുപ്പത്തിൽതന്നെ വരയോട് കൂടുതൽ അടുപ്പംകാണിച്ചിരുന്നു ഹബീബ് റഹ്മാൻ. വേങ്ങര ബിആർസിയിലെ ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തിയിരുന്ന ഹബീബിന്റെ ചിത്രരചനയിലുള്ള കഴിവ് തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനം അധികൃതർ നൽകുകയായിരുന്നു. രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും കിട്ടിയ പ്രോത്സാഹനം ഹബീബിന്റെ വൈകല്യത്തെ മറികടക്കുന്നതിന്ന് പ്രചോദനമായി. കണ്ണമംഗലം കിളിനക്കോട് തടത്തിൽപ്പാറ ഉള്ളാട്ടുപ്പറമ്പിൽ ഹുസൈൻകുട്ടി, - ഹസീന ദമ്പതികളുടെ മകനാണ് ഈ പതിനഞ്ചുകാരന്‍.   ചേറൂർ പിപിടിഎംവൈ ഹയർ സെക്കന്‍ഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അദ്‌നാൻ, അനീസുറഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. Read on deshabhimani.com

Related News