പ്ലാവിലയിൽ പേരുകൾ വിരിഞ്ഞു; ആതിര താരമായി



  മേലാറ്റൂർ ആതിരയ്ക്ക് പ്ലാവില വെറും ഇലയല്ല. ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഈ മിടുക്കി. എടപ്പറ്റ പുല്ലുപറമ്പ് കാപ്പാട്ട് കേദാരത്തിലെ കേശവദാസിന്റെയും സവിതയുടെയും മകളാണ്‌ ആതിര ദാസ്‌. ലോക്​ഡൗൺ കാലമാണ് പുതിയ നേട്ടം സ്വന്തമാക്കാനുള്ള സമയമായി തെരഞ്ഞെടുത്തത്‌. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്‌ അധികൃതർ ഒരാഴ്​ച ‌ അനുവദിച്ചു‌. എന്നാൽ അഞ്ച്​ ദിവസംകൊണ്ട്​ മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകൾ കൊത്തിയെടുക്കുന്ന വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്ത്‌ ആതിര താരമായി. തുടർന്നാണ്‌ പുരസ്കാരത്തിന്‌ പരിഗണിച്ചത്‌.  ഒരു ഇലയിൽ ഒരു സംസ്ഥാനത്തിന്റെ പേര് എന്ന നിലയിലാണ് ഇരിഞ്ഞാലക്കുട ക്രൈസ്​റ്റ്​ കോളജിലെ രണ്ടാംവർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി കൊത്തിയെടുത്തത്‌. സഹോദരൻ അഖിൽ ദാസും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അധ്യാപകരുമെല്ലാം ഇതിന്‌ പിന്തുണ നൽകി. ബോട്ടിൽ ആർട്ട്, മ്യൂറൽ പെയിന്റിങ്​, സ്​റ്റൻസിൽ ആർട്ട്, പോർട്രൈറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിന്റിങ്​ തുടങ്ങിയവയാണ് ആതിരയുടെ മറ്റു വിനോദങ്ങൾ.   Read on deshabhimani.com

Related News