ആ രണസ്‌മരണകൾക്ക്‌ അക്ഷരവെട്ടം

അഹമ്മദ്കുട്ടി ഹാജിക്ക്‌ ലഭിച്ച താമ്രപത്രവുമായി ആയിശാബീവി


 ഊർങ്ങാട്ടിരി പത്തൊമ്പതാം വയസിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ വടക്കുംമുറി സ്വദേശി കെ ടി അഹമ്മദ്കുട്ടി ഹാജിയുടെ സ്മരണ പുസ്‌തകരൂപത്തിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഭാര്യ ചെറുവാടി സ്വദേശി ആയിശാബീവി. തന്റെ പ്രിയപ്പെട്ടവൻ ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ പോരാട്ടങ്ങളും അനുഭവിച്ച പീഡനങ്ങളുമെല്ലാം 90 വയസുള്ള ആയിശാബീവിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.    പൂക്കോട്ടൂരിലും ഏറനാട്ടിലും  ബ്രിട്ടീഷുകാർക്കെതിരെ നടന്ന  സമരത്തിലാണ്‌ അഹമ്മദ്കുട്ടി ഹാജി  പങ്കെടുത്തത്‌. അരീക്കോട്‌ പട്ടാളവുമായുള്ള  ഏറ്റുമുട്ടലിൽ കാലുകൾക്ക് വെടിയേറ്റു. മരിച്ചെന്നുകരുതി പട്ടാളം മടങ്ങി.  കണങ്കാലിനേറ്റ വെടിയുണ്ട മരണംവരെയും പുറത്തെടുക്കാനായിരുന്നില്ല. നിലമ്പൂരിലെ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കേസിൽ കൊലപാതകശ്രമം ചുമത്തിയാണ് ഹാജിക്കെതിരെ കേസെടുത്തത്. 1921ൽ ഹാജിയും കൂട്ടാളികളും കീഴടങ്ങി. ജയിലിൽ നേരിട്ട ക്രൂരപീഡനം  ഹാജി ആയിശാബീവിയോട്‌ പറഞ്ഞിരുന്നു.  ‘‘പട്ടാളക്കാർ കൈപ്പത്തി തറയിൽവച്ച് ബൂട്ടിട്ട് ചവിട്ടി. ഏഴുവർഷം ഒറ്റമുറി സെല്ലിൽ. തലമുടി പറിച്ചെടുത്തും മൂത്രനാളിയിലൂടെ പച്ച ഈർക്കിൽ കടത്തിവിട്ടും കൊടിയ പീഡനം. പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ പട്ടാള ഡോക്ടർമാർ ആത്മഹത്യചെയ്യാൻ ഉപദേശിച്ചിരുന്നു’’– -ആശിയാബീവി ഓർക്കുന്നു.  1929ൽ അഹമ്മദ്കുട്ടിയെ തുറന്ന ജയിലിലേക്ക് മാറ്റി. അക്ഷരാഭ്യാസമുള്ളതുകൊണ്ട് കഠിന ജോലികളിൽനിന്ന് ഇളവ്‌ നൽകി. 15 ദിവസത്തെ പരോൾ ലഭിച്ചപ്പോൾ 1931ൽ അഹമ്മദ്കുട്ടിയെയും സംഘത്തെയും അരീക്കോട് പൊലീസ് ക്യാമ്പിൽ എത്തിച്ചു. രണ്ടുദിവസം കഴിഞ്ഞ് പൊലീസിന്റെ അകമ്പടിയോടെ വടക്കുംമുറിയിലെ വീട്ടിലെത്തി.  കുടുംബസ്വത്തിന്റെ ഒരുഭാഗം വിറ്റു. ആ കാശുമായാണ് ജയിലിലേക്ക് തിരിച്ചുപോയത്. 14 വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞ് 1936–-ലാണ് കെ ടി അഹമ്മദ്കുട്ടി ഹാജി എന്ന കുണ്ടിൽ ഹാജി നാട്ടിൽ തിരിച്ചെത്തിയത്. ആ വർഷംതന്നെയായിരുന്നു ആയിശാബീവിയുമായുള്ള വിവാഹം.  ആൻഡമാൻ സെല്ലുലാർ ജയിൽ മ്യൂസിയത്തിൽ അഹമ്മദ്കുട്ടി ഉൾപ്പെടെ ഏറനാട്ടിൽനിന്നുള്ള 15 മാപ്പിള പോരാളികളുടെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് മകനോടൊപ്പം പോയി ആയിശാബീവി അത്‌ നേരിൽ കണ്ടത്. അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൽ 1972ൽ അഹമ്മദ്‌കുട്ടിയെ രാജ്യം താമ്രപത്രം നൽകി ആദരിച്ചു. സ്വാതന്ത്ര്യസമര പോരാളികൾക്കുള്ള പെൻഷനും അനുവദിച്ചു. Read on deshabhimani.com

Related News