മിന്നുംതാരങ്ങൾ ഈ ബാലപ്രതിഭകൾ

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ടാലന്റ്‌ സമ്മിറ്റിൽ പങ്കെടുത്ത പ്രതിഭകൾ


  പൊന്നാനി  ഇംഗ്ലീഷിലും മലയാളത്തിലുമായി ഒമ്പതു നോവലുകൾ പ്രസിദ്ധീകരിച്ച സിനാഷ, മുളകളുടെ തോഴി നൈനാ ഫെബിൻ, രാഷ്ട്രപതിയുടെ  അവാർഡ് നേടിയ കാഴ്ചപരിമിതിയെ തോൽപ്പിക്കുന്ന റിൻഷ, തീൻമേശയിലേക്ക് ഭക്ഷണമെത്തിക്കാൻ റോബോട്ടിനെ ഉണ്ടാക്കിയ മുഹമ്മദ് ഫാദിൽ... പ്രതിഭയുടെ നൂറുനാമ്പുകൾ വിടരുന്ന  കുട്ടികൾക്ക്‌ ബാലസംഘത്തിന്റെ ആദരം.  ശനിയാഴ്‌ച ആരംഭിക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടാലന്റ്‌ സമ്മിറ്റ്‌ കുട്ടിത്താരങ്ങളുടെ മിന്നുംവേദിയായി.  ഈശ്വരമംഗലം നിള പൈതൃക മ്യൂസിയത്തിൽ നടന്ന ടാലന്റ് സമ്മിറ്റിൽ 22 ബാലപ്രതിഭകൾ പങ്കെടുത്തു. സിനാഷ, നൈന, റിൻഷ, മുഹമ്മദ്‌ ഫാദിൽ, കാൽപ്പന്തുകളിയിലെ നവതാരം ഷമീൽ, എസ്എസ്എൽസി പരീക്ഷ ആദ്യമായി കംപ്യൂട്ടറിൽ എഴുതി ഉന്നത വിജയം നേടിയ കാഴ്‌ചപരിമിതിയുള്ള ഹാറൂൺ കരീം, യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ഗൗരി, ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിന്‌ ചിത്രരൂപം നൽകിയ ഗായത്രി ഓളക്കൽ, ഐഎസ്ആർഒയുടെ ‘ആസാദിസാറ്റ്’ സാറ്റലൈറ്റിനായി മൈക്രോ ചിപ്പ് നിർമിച്ച മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്കൂളിലെ 10 പെൺകുട്ടികൾ എന്നിവരെയാണ്‌ ആദരിച്ചത്‌.  ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ സമ്മിറ്റ്‌ ഉദ്‌ഘാടനം‌ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ്‌ പി പി അയിഷ ഷഹ്‌മ അധ്യക്ഷയായി. അനഘ പ്രതീശൻ, എൻ ആദിൽ എന്നിവർ സംസാരിച്ചു. പി കെ ഖലിമുദ്ദീൻ, പി കെ അബ്ദുള്ള നവാസ് എന്നിവർ ഉപഹാരങ്ങൾ വിതരണംചെയ്തു. ‘മധുരനെല്ലിക്ക'  ലഘുചിത്രത്തിന്റെ പ്രദർശനവും ചർച്ചയും നടന്നു.   കാഴ്‌ചപരിമിതിയുള്ളവർക്കും പൊതുവിദ്യാർഥി സമൂഹത്തിന്റെ ഭാഗമായി ഉൾച്ചേർന്നുനിൽക്കാൻ സാധിക്കുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന്‌ സമ്മിറ്റിൽ പങ്കെടുത്ത ഹാറൂൺ കരീം അഭിപ്രായപ്പെട്ടു. കാഴ്‌ചപരിമിതിയുള്ളവർക്കു നൽകുന്ന എഴുത്തുസഹായിയെ ആശ്രയിക്കാതെ പരീക്ഷ എഴുതി ഉന്നത വിജയം നേടിയ ഹാറൂൺ കരീം വായനക്കും പഠനത്തിനുമായി സ്ക്രീൻ റീഡർ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുന്നു. Read on deshabhimani.com

Related News