തെളിഞ്ഞത്‌ കസ്റ്റംസ്‌ 
–സ്വർണക്കടത്ത്‌ റാക്കറ്റ്‌ കൂട്ടുകെട്ട്‌



    കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ പിടിയിലായതോടെ തെളിയുന്നത്‌ സ്വർണക്കടത്ത് മാഫിയ–-കസ്റ്റംസ് ഉദ്യോഗസ്ഥ  ബന്ധം. സ്വർണം കടത്തുന്നവരെ സംബന്ധിച്ച് വ്യക്തമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് മുനിയപ്പ ഇവരിൽനിന്ന്‌ സ്വർണം പിടികൂടിയത്. നേരത്തെ പലതവണ ഇയാൾ കള്ളക്കടത്ത് സംഘത്തെ സഹായിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഇത് രണ്ടാം തവണയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർ പിടിയിലാവുന്നത്. കള്ളക്കടത്ത് സ്വർണം സ്വന്തമാക്കാൻ ശ്രമിച്ചതിന്റെ പേരിലായിരുന്നു നേരത്തെ  പിടിയിലായത്‌. ഇത്തവണ സ്വർണം വിമാനത്താവളത്തിന് പുറത്തുകടത്താൻ കസ്റ്റംസ് ഉന്നതൻ നേരിട്ടിറങ്ങിയത് കസ്റ്റംസിനുതന്നെ നാണക്കേടായി. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പ്രവർത്തനം ഏറെക്കാലമായി നാണക്കേടിലാണ്. വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ 87.6 കിലോ സ്വർണമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ കരിപ്പൂർ പൊലീസ് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്‌ സ്വർണം പുറത്തു കടത്തുന്നതെന്ന സംശയം ഇത്‌ ബലപ്പെടുത്തുന്നു. കസ്റ്റംസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. ഇത്‌ വിശദമായി അന്വേഷിക്കുന്നു.   Read on deshabhimani.com

Related News