പ്രളയത്തില്‍ തകര്‍ന്ന വീടിന്‌ 6,43,930 രൂപ 
നഷ്ടപരിഹാരം നല്‍കാന്‍ വിധി



മലപ്പുറം ഇൻഷൂർചെയ്ത വീട് പ്രകൃതിദുരന്തത്തിൽ തകർന്നിട്ടും ഇൻഷൂറൻസ് കമ്പനി മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകാൻ ജില്ലാ ഉപഭോക്തൃ കമീഷൻ വിധിച്ചു. നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ വിധി തീയതിമുതൽ നഷ്ടപരിഹാരം നൽകുന്നതുവരെയും ഒമ്പത് ശതമാനം പലിശയും നൽകണം. കാളികാവിലെ ലൂസി ജോൺ നൽകിയ പരാതിയിലാണ് വിധി.  20 ലക്ഷം രൂപക്കാണ്‌ വീട്‌ ഇൻഷൂർചെയ്‌തിരുന്നത്‌.  വീട് പുനർനിർമിക്കാൻ 4,43,930 രൂപ, നഷ്ടപരിഹാരമായി 2,00,000 രൂപ, കോടതി ചെലവായി 20,000 രൂപ എന്നിങ്ങനെ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി 6,43,930 രൂപ നൽകണമെന്നാണ് ഉത്തരവ്. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെയാണ്‌ വിധി.  2018 ആഗസ്ത് എട്ടിലെ കനത്ത മഴയിലും മല ഇടിച്ചിലിലും ലൂസി ജോണിന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. രേഖകളുമായി കമ്പനിയെ സമീപിച്ചെങ്കിലും 20,000 രൂപമാത്രമാണ് ഇൻഷൂറൻസ് കമ്പനി അനുവദിച്ചത്. തുടർന്നാണ് ഇവർ ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിച്ചത്. Read on deshabhimani.com

Related News