ഹണി ട്രാപ്പ്; യുവതി ഉൾപ്പെടെ 7 പേർ പിടിയിൽ



മലപ്പുറം യുവതിയുമൊത്തുള്ള സംഭാഷണങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ നാൽപതുകാരിയടക്കം ആറുപേരെ മലപ്പുറം ഡിവൈഎസ്‌പി പി എം പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കോട്ടക്കൽ പൊലീസും ചേർന്ന് പിടികൂടി. കൊണ്ടോട്ടി സ്വദേശി ഫസീല (40), കോട്ടക്കൽ സ്വദേശികളായ ചങ്ങരംചോല മുബാറക്ക് (32), തൈവളപ്പിൽ നസ്രുദീൻ (30), പാറശ്ശേരി സ്വദേശി കളത്തിപറമ്പിൽ അബ്ദുൾ അസീം (28), പുളിക്കൽ സ്വദേശികളായ പേരാപറമ്പിൽ വീട്ടിൽ നിസാമുദ്ദീൻ (24), മാളട്ടിക്കൽ വീട്ടിൽ അബ്ദുൾ റഷീദ് (36), മംഗലം സ്വദേശി പുത്തൻപുറയിൽ ഷാഹുൽ ഹമീദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്‌. ഫസീലയാണ്‌ പരാതിക്കാരനെ ഫോണിൽ വിളിച്ച്‌ പരിചയപ്പെട്ടത്.  തുടർന്ന് കോട്ടക്കലിൽ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. കോട്ടക്കലിലെത്തിയപ്പോൾ യുവാവിനെ സംഘം ചേർന്ന് കാറിൽ തട്ടികൊണ്ടുപോയി. വാഹനത്തിൽ വച്ച് വീഡിയോ എടുത്തു. ഇത്‌  പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം ആവശ്യപ്പെട്ടു. നൽകാമെന്ന് സമ്മതിച്ചതോടെ വിട്ടയച്ചു. യുവാവ് പൊലീസിൽ പരാതി നൽകി. പണം നൽകാമെന്ന് പറഞ്ഞ സ്ഥലത്ത് സംഘം എത്തിയപ്പോൾ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.  Read on deshabhimani.com

Related News