കോവിഡ്‌ വാക്‌സിൻ 2 ദിവസം, 811 പേർ സ്വീകരിച്ചു



മലപ്പുറം കോവിഡ് പ്രതിരോധ കുത്തിവയ്‌പ്‌ രണ്ടുദിവസം പിന്നിടുമ്പോൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്‌ 811 ആരോഗ്യപ്രവർത്തകർ. ആദ്യദിനം ഒമ്പത്‌ കേന്ദ്രങ്ങളിലായി 155 പേർക്കും രണ്ടാം ദിവസം 656 പേർക്കും വാക്‌സിൻ കൊടുത്തു. രണ്ട്‌ ദിവസങ്ങളിലായി 1131 പേർക്ക്‌ കുത്തിവയ്‌പ്‌ നൽകാനാണ്‌ ലക്ഷ്യമിട്ടത്‌. രജിസ്റ്റർ ചെയ്തവരിൽ ചിലർ സ്ഥലംമാറി പോവുകയും കുറച്ച് പേർ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിലുമാണ്‌. ഒന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നതിന് വേണ്ടി സർക്കാർ, സ്വകാര്യ മേഖലയിലെ 23,880 ആരോഗ്യ പ്രവർത്തകർ രജിസ്റ്റർ ചെയ്തു. ഇവരിൽ 13,000 പേർക്ക് രണ്ട്‌ ഡോസ് വീതം നൽകാനുള്ള വാക്സിൻ ജില്ലയിൽ ലഭ്യമാണ്. ബാക്കിയുള്ളത് അടുത്ത ദിവസം തന്നെയെത്തും.  മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി താലൂക്ക് ആശുപത്രികൾ, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രി എന്നീ ഒമ്പത്‌ കേന്ദ്രങ്ങളിലാണ്‌ നിലവിൽ കുത്തിവയ്‌പ്‌ നൽകുന്നത്. ഒരു സ്ഥലത്ത് രജിസ്റ്റർ ചെയ്തവർ പൂർത്തിയാകുന്നതോടെ മറ്റൊരു കേന്ദ്രത്തിലേക്ക് കുത്തിവയ്‌പ്‌ മാറ്റും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കുത്തിവയ്‌പ്‌ ഉണ്ടാവുക. കുത്തിവയ്പ് എടുത്തവരിൽ ഇതുവരെ ആർക്കുംതന്നെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുള്ള എല്ലാ സംവിധാനവും കുത്തിവയ്‌പ്‌ കേന്ദ്രങ്ങളിൽ ഒരുക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. Read on deshabhimani.com

Related News