ഓർമകള്‍ക്കെത്ര സുഗന്ധം...

മലപ്പുറം ഗവ. കോളേജ്‌ ഗ്ലോബൽ അലുംനി മീറ്റിൽ പങ്കെടുക്കാനെത്തിയ പാണക്കാട്‌ സാദിഖലി തങ്ങൾ, എ വിജയരാഘവൻ എന്നിവർക്ക്‌ പ്രിൻസിപ്പൽ ഡോ. കെ കെ ദാമോദരൻ നിവേദനം നൽകുന്നു


മലപ്പുറം കടലേഴും കടന്ന്‌ അവർ എത്തിയത്‌ പഠിച്ച കലാലയത്തിന്റെ മുറ്റത്ത്‌ ഒരിക്കൽകൂടി സംഗമിക്കാനായിരുന്നു. ഓർമകൾ പങ്കുവച്ചും സൗഹൃദം പുതുക്കിയും ഒരിക്കൽകൂടി പഴയ കോളേജിനെ തിരികെപ്പിടിച്ചു. പലരും കാണുന്നത്‌ വർഷങ്ങൾക്കുശേഷമായിരുന്നു. പരസ്‌പരം സംസാരിച്ചും വിശേഷങ്ങൾ പറഞ്ഞും പാടിയും അന്നത്തെ അധ്യാപകരുടെ അടുത്ത്‌ നല്ല കുട്ടിയായും ഒക്കെ പോയകാലത്തെ ചേർത്തുപിടിച്ചാണ്‌ അവർ പിരിഞ്ഞത്‌. മലപ്പുറം ഗവ. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ഓർമകളിലേക്കൊരു ലാൻഡിങ്‌ എന്ന ഗ്ലോബൽ അലുംനി മീറ്റിലായിരുന്നു കൂടിച്ചേരൽ.   1972 മുതൽ പഠിച്ചിറങ്ങിയ അഞ്ഞൂറിലേറെ പേരാണ്‌ കോളേജ്‌ ഓപ്പൺ ഓഡിറ്റോറിയത്തിൽ ബുധനാഴ്‌ച സംഗമിച്ചത്‌. പ്രവാസികളായിരുന്നു കൂടുതൽ. പോയകാലത്തിലേക്ക്‌ തിരിച്ചുപോയ അനുഭവമായിരുന്നു എന്ന്‌ ജിദ്ദയിൽനിന്ന്‌ എത്തിയ വെസ്‌റ്റ്‌ കോഡൂർ സ്വദേശി ഫായിദ അബ്ദുറഹിമാൻ പറഞ്ഞു. ജിദ്ദയിൽനിന്ന്‌ മാത്രം 20 പേർ സംഗമത്തിനെത്തി. പൂർവ വിദ്യാർഥികളായ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി തങ്ങൾ എന്നിവർ മുഖ്യാതിഥികളായി. അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ യു അബ്ദുൽകരീം അധ്യക്ഷനായി. ടി വി ഇബ്രാഹിം എംഎൽഎ, പ്രിൻസിപ്പൽ ഡോ. കെ കെ ദാമോദരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി കെ അബൂബക്കർ സ്വാഗതവും കോ–-ഓർഡിനേറ്റർ ഡോ. കെ പി ഷക്കീല നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News