കൂടിച്ചേരലുകളിൽ സ്‌നേഹത്തിന്റെ കൈമാറ്റം: വിജയരാഘവൻ



മലപ്പുറം വിഹ്വലത നിറഞ്ഞ വർത്തമാനകാലത്ത്‌ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ കൈമാറ്റം  കൂടിച്ചേരലുകളിലൂടെ സാധ്യമാകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. മലപ്പുറം ഗവ. കോളേജ്‌ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബൽ അലുംനി മീറ്റിൽ സംസാരിക്കുകയായിരുന്നു പൂർവ വിദ്യാർഥികൂടിയായ അദ്ദേഹം.  "ഏറെ അഭിമാനത്തോടെയാണ്‌ മലപ്പുറം ഗവ. കോളേജിൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുസ്‌മരിക്കുന്നത്‌. ഞാൻ എന്തായോ; അതൊക്കെ ഈ കോളേജിന്റെ ഭാഗമായിരുന്നതിനാലാണ്‌. സഹിഷ്‌ണുതയുടെയും സാഹോദര്യത്തിന്റെയും ലോകമാണ്‌ ഈ കോളേജ്‌ തുറന്നിട്ടത്. ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സംസാരിച്ചപ്പോൾ മലപ്പുറം ഗവ. കോളേജിന്റെ മുന്നിലെ അരമതിലിൽനിന്ന്‌ പ്രസംഗിക്കുന്നതാണ്‌ ഓർത്തത്‌. ഏറെ അഭിമാനമുണ്ട്‌ എന്റെ നാടിനെ കുറിച്ച്‌.   അമ്പത്‌ വർഷം പൂർത്തിയാകുന്ന കോളേജിന്‌ മികച്ച കെട്ടിടമുണ്ടാകേണ്ടത്‌ അനിവാര്യമാണ്‌. അതിന്‌ മുൻകൈയെടുക്കും. ഇപ്പോൾ ആർട്‌സ്‌ വിഷയങ്ങൾക്ക്‌ വിദ്യാർഥികൾ ഡൽഹിപോലുള്ള സ്ഥലങ്ങളിലേക്ക്‌ പോകുന്നുണ്ട്‌. എന്തുകൊണ്ട്‌ അത്‌ നമുക്കിവിടെ സാധ്യമാക്കിക്കൂടാ. വിദ്യാർഥികൾ തേടിയെത്തുന്ന കോളേജായി മലപ്പുറം ഗവ. കോളേജ്‌ മാറണം'–- വിജയരാഘവൻ പറഞ്ഞു.    Read on deshabhimani.com

Related News