ജില്ലയിൽ 29 സ്കൂളിൽ 
മെന്റർ അധ്യാപകർ



എടക്കര ഗോത്രമേഖലയിലെ പഠനത്തിന് ജില്ലയിലെ 29 സ്കൂളിൽ മെന്റർ അധ്യാപകരെ നിയമിച്ച് സർക്കാർ ഉത്തരവായി.  ഊർങ്ങാട്ടിരി, എടക്കര, പോത്തുകല്ല്, മമ്പാട്, ചുങ്കത്തറ, എടവണ്ണ, വഴിക്കടവ്, മൂത്തേടം, അമരമ്പലം, കരുളായ് പഞ്ചായത്തുകളിലെ സർക്കാർ–- എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസുകളിലാണ് മെന്റർ അധ്യാപകരെ നിയമിച്ചത്. നിയമനം ലഭിച്ചവർ  തൊട്ടടുത്ത ദിവസങ്ങളിൽ ജോയിന്‍ ചെയ്യും. വിദ്യാഭ്യാസ–-പട്ടികവർഗ വകുപ്പുകള്‍ സംയുക്തമായി തുടങ്ങിയ  ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായാണ്‌ നിയമനം.  അധ്യാപക യോഗ്യതയുള്ള പട്ടികവർഗ യുവതീയുവാക്കളെ പ്രൈമറി സ്കൂളുകളിൽ നിയമിച്ച്‌ ഗോത്രഭാഷയിലൂടെ പുതിയ തലമുറക്ക് അടിസ്ഥാന വിദ്യാഭ്യാസവും മലയാള ഭാഷയും പകർന്നുനൽകുകയാണ്‌ ലക്ഷ്യം.  ഗോത്ര വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും അഭ്യസ്തവിദ്യരായ പട്ടികവർഗ വിഭാഗക്കാർക്ക്‌ തൊഴിൽ നൽകാനും ഇതുവഴി കഴിയും.   ആദിവാസി കോളനികളിലെത്തി മാതാപിതാക്കളുമായി ഗോത്രഭാഷയില്‍ ആശയവിനിമയം നടത്തുക, കുട്ടികളെ സ്കൂളിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുക, സ്കൂളിലെത്തുന്ന കുരുന്നുകളെ അവരുടെ ഭാഷയില്‍തന്നെ പഠിപ്പിക്കുക എന്നിവയാണ് ഗോത്രബന്ധു പദ്ധതിയിലൂടെ നിയമിച്ച മെന്റര്‍ അധ്യാപകരുടെ ദൗത്യം. ഗോത്ര വിദ്യാർഥികൾ വീട്ടിൽ സംസാരിക്കുന്ന ഭാഷയല്ല സ്കൂളിലെത്തുമ്പോൾ കേൾക്കുന്നത്. ഇക്കാരണത്താൽ  പല കുട്ടികൾക്കും സ്കൂളിൽ പോകാൻ ഭയമായിരുന്നു.  പ്രൈമറി വിദ്യാർഥികൾ പഠനം ഉപേക്ഷിക്കാൻ ഇത്  കാരണമാവുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ ഗോത്രബന്ധു പദ്ധതി ആരംഭിച്ചത്‌.   Read on deshabhimani.com

Related News