കളരിപ്പടിയിൽ കവര് പൂത്തേ...

താനൂർ കളരിപ്പടിയിൽ കവര് പൂത്തപ്പോൾ


താനൂർ ‘കവര് പൂത്തിട്ടുണ്ട്, കൊണ്ടുപോയി കാണിക്ക്’... ബോണിയോട് ബോബി പറഞ്ഞപ്പോൾ കുമ്പളങ്ങി നൈറ്റ്സ് സിനിമ കണ്ടവരൊക്കെ ആദ്യമൊന്ന് സംശയിച്ചു. ബോബിയുടെയും ബേബിമോളുടെയും പ്രണയത്തിന്‌ സാക്ഷിയായ കവര്‌ പൂത്ത കായൽ ഇപ്പോൾ താനൂർ കളരിപ്പടിയെയും നീലവർണമാക്കുന്നു. താനൂർ കളരിപ്പടിയും കുമ്പളങ്ങിക്കായലിന്റെ മനോഹാരിത നിറച്ച് കവര് പൂത്തിരിക്കുകയാണ്.  നൊക്റ്റിലൂക്ക സിന്റിലൻസ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവദീപ്തിയാണ് കവരെന്നാണ്‌ പറയുന്നത്.  രണ്ടാഴ്ചയായി കളരിപ്പടിയിൽ ഈ പ്രതിഭാസം കാണാൻ സാധിക്കുന്നു. ഒട്ടുംപുറം അഴിമുഖത്തോട്‌ ചേർന്ന പ്രദേശമായ പുന്നൂക്ക് പാലപുഴ പാടത്താണ് ഏക്കറോളം സ്ഥലത്ത് കവര് പൂത്തത്. ദിവസവും രാത്രിയിൽ  നൂറുകണക്കിനാളുകളാണ് ഈ അത്ഭുത പ്രതിഭാസം കാണാനായി ഇവിടെ എത്തുന്നത്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ നൊക്റ്റിലൂക്ക സിന്റിലൻസ് ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം. ഇണയെയും ഇരകളെയും ആകർഷിക്കാനും ചിലപ്പോൾ ശത്രുക്കളിൽനിന്ന് രക്ഷയ്ക്കായുമണ്‌ ഇത് പുറപ്പെടുവിക്കുന്നത്.  വേനലിൽ വെള്ളംവറ്റി കട്ടികൂടി ഉപ്പുരസം അധികരിക്കുമ്പോഴാണ് കവര് പൂക്കുന്നത്. മഴക്കാലത്ത് ഇത് കാണാറില്ല. വൈകിട്ട് ഏഴുമുതൽ പുലർച്ചെവരെ ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഇരുട്ടിൽ മാത്രമേ ഇതു കാണാൻ കഴിയൂ. പകൽ മുഴുവൻ സാധാരണ വെള്ളത്തിന്റെ നിറം തന്നെയാണ്. വെള്ളം ഇളകുമ്പോഴാണ് നീല പ്രകാശം വരുന്നത്. കൈകൾകൊണ്ട് വെള്ളം കോരിയെറിയുമ്പോൾ നീലനക്ഷത്രങ്ങൾ വിരിയുന്ന അനുഭവമാണെന്നാണ് കവര് പൂത്തത് കാണാനെത്തുന്നവർ പറയുന്നത്. Read on deshabhimani.com

Related News