ഡോക്ടർമാർ പണിമുടക്കി

അക്രമത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ പണിമുടക്കിയ ഡോക്ടര്‍മാര്‍ മലപ്പുറത്ത് നടത്തിയ പ്രകടനം


 മലപ്പുറം  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡോക്ടർമാർ നടത്തിയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. ഡോക്ടർമാർക്ക്‌ നേരെയുള്ള അതിക്രമങ്ങൾ തടയാൻ നടപടി സ്വീകരിക്കുക, കോഴിക്കോട്‌ ഫാത്തിമ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്ക്‌ നേരെയുണ്ടായ വധശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു പണിമുടക്ക്‌. അത്യാഹിത വിഭാഗവും എമർജൻസി ഓപറേഷനും പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിരുന്നു.  മലപ്പുറത്ത്‌ രാവിലെ 10ന്‌ പ്രതിഷേധ പ്രകടനം നടത്തി. കലക്ടറേറ്റിന്‌ സമീപം  ചേർന്ന യോഗം ഐഎംഎ നോർത്ത്‌ സോൺ വൈസ്‌ പ്രസിഡന്റ്‌ ഡോ. എ ഐ കമറുദ്ദീൻ ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ ചെയർപേഴ്‌സൺ ടി എ അശോകവത്സല അധ്യക്ഷയായി. മുൻ പ്രസിഡന്റ്‌ ഡോ. സാമുവൽ കോശി, ഡോ. വി യു സീതി, ഡോ. രാകേഷ്‌ ഗംഗാധരൻ, ഡോ. ജയനാരായണൻ, ഡോ. ഉഷ, ഡോ. പി സജീവ്‌ കുമാർ എന്നിവർ സംസാരിച്ചു.   കെജിഎംഒഎ, കെജിഎംസിടിഎ, കെപിഎംസിടിഎ, ഡെന്റൽ അസോസിയേഷൻ, സ്റ്റുഡന്റ്‌സ്‌ യൂണിയൻ, ജൂനിയർ ഡോക്ടേഴ്‌സ്‌ യൂണിയൻ, പിജിസി യൂണിയൻ, പ്രൈവറ്റ്‌ ഹോസ്പിറ്റൽ ഓണേഴ്‌സ്‌ യൂണിയൻ തുടങ്ങിയ സംഘടനകളും സമരത്തിന്‌ പിന്തുണ നൽകിയതായി ഐഎംഎ ഭാരവാഹികൾ പറഞ്ഞു. Read on deshabhimani.com

Related News