തണലേകാതെ ജില്ലാ ബാങ്ക്‌



 മലപ്പുറം കോവിഡ്‌ മഹാമാരിയിൽ ജനങ്ങളോട്‌ മുഖംതിരിച്ച്‌ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌. സംസ്ഥാന സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളോട്‌ നിസ്സഹകരിച്ചു. സർക്കാർ അഭ്യർഥന മാനിച്ച്‌ കേരളബാങ്കും പ്രാഥമിക സഹകരണസംഘങ്ങളും പലിശരഹിത വായ്‌പ അടക്കമുള്ള സാമ്പത്തിക സഹായം നൽകിയപ്പോൾ ജില്ലാ ബാങ്ക്‌ ഒന്നും ചെയ്‌തില്ല.    പല ജില്ലകളിലും സ്വർണ പണയവായ്‌പ അടക്കമുള്ളവ പലിശരഹിതമായും കുറഞ്ഞ പലിശയിലും നൽകിയപ്പോൾ മലപ്പുറത്തുകാർക്ക്‌ കാഴ്‌ചക്കാരായി നിൽക്കേണ്ടിവന്നു.  സർക്കാരിന്റെ കോവിഡ്‌ പ്രതിരോധവുമായി കേരള ബാങ്ക്‌ കൈകോർത്തപ്പോൾ മലപ്പുറം ജില്ലാ ബാങ്ക്‌ മാത്രം  വിപരീതമായി പ്രവർത്തിച്ചു‌. രാഷ്‌ട്രീയംകളിക്കാനാണ്‌ ഭരണസമിതി‌ ശ്രമിച്ചത്‌. യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണ ആശുപത്രി നേതൃത്വത്തിലുള്ള കോവിഡ്‌ പരിചരണകേന്ദ്രത്തിലേക്ക്‌‌ എട്ട്‌ ലക്ഷം രൂപ ചെലവാക്കി വെന്റിലേറ്റർ നൽകി. എന്നാൽ  ദിവസങ്ങൾക്കുള്ളിൽ കേന്ദ്രം പൂട്ടി.  എൽഡിഎഫ്‌ സർക്കാർ കേരളത്തിന്‌ അഭിമാനമായി‌ കേരള ബാങ്ക്‌ രൂപീകരിച്ചപ്പോൾ അതിന്‌ തുരങ്കംവയ്ക്കുന്ന സമീപനമാണ്‌ മലപ്പുറം ജില്ലാ ബാങ്ക്‌ സ്വീകരിച്ചത്‌‌. സർക്കാർ ഓര്‍ഡിനൻസിനെതിരെ ബാങ്കിന്റെ ഫണ്ടിൽനിന്ന്‌ പണമെടുത്താണ്‌ കേസ് നടത്തുന്നത്‌.  പൊതുജനങ്ങളുടെ പണമാണ്‌ അനാവശ്യമായി ഇതിലൂടെ ചെലവാക്കുന്നത്‌.  സാമ്പത്തികസ്ഥിതി അവതാളത്തിൽ       ആസ്‌തി ബാധ്യത മാനേജ്‌മെന്റ്‌ നിർദേശം പൂർണമായും ലംഘിച്ചാണ്‌ ജില്ലാ ബാങ്കിന്റെ പ്രവർത്തനം.     കുറഞ്ഞ കാലയളവിലേക്ക്‌ സ്വീകരിക്കുന്ന നിക്ഷേപംമാത്രം ഉപയോഗിച്ച്‌ ദീർഘകാല വ്യക്തിഗത വായ്‌പ നൽകുന്നതും ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു‌.     കേരള ബാങ്കിൽ ലയിക്കാത്തതിനാൽ നബാർഡിൽനിന്ന്‌ പുനർവായ്‌പാടിസ്ഥാനത്തിൽ ലഭിക്കുന്ന 250 കോടി കാർഷിക വായ്‌പ ധനസഹായവും 450 കോടി കാർഷികേതര വായ്‌പാ ധനസഹായവും നഷ്ടമായി.      നബാർഡിൽനിന്ന്‌ നേരിട്ട്‌ 200 കോടി സഹായം കിട്ടാൻ 100 കോടിയുടെ സ്ഥിര നിക്ഷേപം ഈടായി സമർപ്പിച്ചിരിക്കുകയാണ്‌. വായ്‌പ നൽകാൻ ഉപയോഗിക്കേണ്ട ഫണ്ടാണ്‌ നബാർഡിൽ പണയപ്പെടുത്തിയത്‌. ദ്വിതല–- ത്രിതല വായ്‌പാ സംവിധാനങ്ങളെ അട്ടിമറിച്ചാണ്‌ ഈ നടപടി.  ജില്ലാ ബാങ്ക്‌ കേരള ബാങ്കിൽ ലയിച്ചാൽ പ്രതിസന്ധി പരിഹരിക്കാം. അതിന്‌ തയാറാകാതെ യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി പിടിവാശി തുടരുകയാണ്‌. Read on deshabhimani.com

Related News